എം. സുരേഷ്ബാബു
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരം പരമാവധി പ്രയോജനപ്പെടുത്തി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും മികച്ച വിജയം നേടാൻ യുഡിഎഫ്. ഘടകക്ഷികളുടെയടക്കം എല്ലാ സീറ്റുകളിലും ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിക്കും.
ഇതുസംബന്ധിച്ച് ഉന്നത കോണ്ഗ്രസ് നേതാക്കൾ വിവിധ തലങ്ങളിൽ അനൗപചാരിക ചർച്ചകൾ തുടങ്ങി.
ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ കലഹങ്ങളില്ലാതെ തീർക്കണമെന്നാണ് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾക്കു ലഭിച്ചിരിക്കുന്ന നിർദേശം.
സംസ്ഥാനത്തെ നേതാക്കൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാതെ നോക്കണമെന്നും നിർദേശമുണ്ട്. പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായും ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി താരിഖ് അൻവർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളോടും മുതിർന്ന നേതാക്കൾ മനസ് തുറന്നു.
സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കാൻ വിമുഖത അറിയിക്കുന്നവർക്ക് പകരം മികച്ച സ്ഥാനാർഥികളെ കണ്ടെത്തി മുൻകൂട്ടി കളത്തിലിറക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും യുഡിഎഫ് വിജയിച്ചിട്ടും ആലപ്പുഴയിൽ വിജയം നേടിയത് എൽഡിഎഫ് ആയിരുന്നു.
ഈ മണ്ഡലം തിരിച്ച് പിടിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇത്തവണ ആലപ്പുഴയിൽ മത്സരരംഗത്തിറക്കണമെന്ന അഭിപ്രായവും ശക്തമായി ഉയരുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി വേണുഗോപാൽ ആലപ്പുഴയിൽ മുൻപ് മികച്ച വിജയം നേടിയിരുന്നു.
ഇത് അടിസ്ഥാനമാക്കിയാണ് ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനെ വീണ്ടും രംഗത്തിറക്കണമെന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും ആവശ്യമുന്നയിച്ചിരിക്കുന്നത്.
കണ്ണൂർ സ്വദേശിയായ കെ.സി. വേണുഗോപാൽ തന്റെ മുപ്പത്തിമൂന്നാം വയസിലാണ് ആലപ്പുഴയിലെ നിയമസഭ സീറ്റിൽ നിന്നു മത്സരിച്ച് വിജയിച്ചത്.
ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച കെസി 2009 ൽ കേന്ദ്രമന്ത്രിയുമായി. ജന്മംകൊണ്ട് കണ്ണൂരുകാരനായ കെ.സി. വേണുഗോപാൽ തന്റെ കർമമണ്ഡലമായി ആലപ്പുഴ തെരഞ്ഞെടുത്ത് അവിടെ സ്ഥിരതാമസക്കാരനായി മാറിയത് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
എൽഡിഎഫിലെ എ.എം ആരിഫിനെക്കാൾ കെ.സി. വേണുഗോപാലിന് മണ്ഡലത്തിലെ എല്ലാ മതസാമുദായിക നേതാക്കളുമായും നല്ല ബന്ധമുള്ളത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
വയനാട്ടിൽ രാഹുൽ ഗാന്ധിയെതന്നെ വീണ്ടും മത്സരരംഗത്തിറക്കണമെന്നുള്ള നിർദേശവും മുതിർന്ന നേതാക്കൾ മുന്നോട്ട് വച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ കേരളത്തിലെ 19 സീറ്റിലും വിജയം നേടാൻ സാധിച്ചത് ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച തെറ്റായ നിലപാടുകളും രാഹുൽഗാന്ധിയുടെ വയനാട്ടിലെ മത്സരവുമാണെന്നാണ് വിലയിരുത്തൽ.