ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി കേരളത്തിനു സ്വന്തം പ്രധാനമന്ത്രിയെ കിട്ടുമോ? രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ വൻവിജയം ഉറപ്പാണ്. രാഹുൽ വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ മത്സരിക്കുമോ എന്ന ചോദ്യവും ഒപ്പം ഉയർന്നിട്ടുണ്ട്.
അമേഠിക്കു പുറമേ വയനാട്ടിൽ കൂടി രാഹുൽ മത്സരിച്ചാൽ കേരളം തൂത്തുവാരാമെന്നാണു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടൽ.
സമീപ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാടിനും പുറമെ ആന്ധ്രപ്രദേശ്, തെലുങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ കൂടി രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സാന്നിധ്യം സഹായകമാകുമെന്നാണു കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പു തന്ത്രം മെനയുന്നവരുടെ വിലയിരുത്തൽ.
കർഷക ഭൂരിപക്ഷമുള്ളതും ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ മിശ്ര മണ്ഡലവുമായ വയനാട്ടിലെ രാഹുലിന്റെ വിജയം മതേതര ഭാരതത്തിനും കാർഷിക മേഖലയുടെ ഉണർവിനും കൂടി നാന്ദിയായേക്കുമെന്നു പ്രതീക്ഷയുണ്ട്.
എന്തായാലും വയനാട്, വടകര മണ്ഡലങ്ങളിലെ ഒൗദ്യോഗികമായ സ്ഥാനാർഥി പ്രഖ്യാപനം കോണ്‍ഗ്രസ് വൈകിച്ചതും പത്തനംതിട്ടയിലെ മാത്രം സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിക്കാതിരുന്നതും വലിയ തന്ത്രങ്ങളുടെ കൂടി ഭാഗമായിരുന്നു.
പാർട്ടിയിലെ ഗ്രൂപ്പു കളിക്കും സ്ഥാനാർഥി മോഹികളുടെ ബഹളത്തിനും ഇടയിൽ ദേശീയതലത്തിൽ പ്രത്യാഘാതം സൃഷ്ടിക്കുന്ന തന്ത്രങ്ങൾക്കുള്ള പരീക്ഷണശാലയായി വയനാട്, വടകര, പത്തനംതിട്ട മണ്ഡലങ്ങൾ ദേശീയ ശ്രദ്ധ നേടുകയാണ്.
മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെ വടകരയിൽ സ്ഥാനാർഥിയാക്കിയതു കോണ്‍ഗ്രസുകാരെയും സിപിഎമ്മിനെയും ഒരുപോലെ അന്പരപ്പിച്ചതിനു പുറമെ, രാഷ്ട്രീയചിത്രത്തിലും മാറ്റം വരുത്തി. കൂടുതൽ വലിയ അത്ഭുതങ്ങൾക്കും രാഷ്ട്രീയ കരുനീക്കങ്ങൾക്കും കേരളം വേദിയാകുമെയെന്നറിയാൻ ഏതാനും ദിവസംകൂടി മാത്രം കാത്താൽ മതി.