എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: കേരളാ കോൺഗ്രസ്(ജോസഫ്), കേരള കോൺഗ്രസ്(ജേക്കബ്), ആർഎസ്പി, സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ കക്ഷികളുമായി കെപിസിസി നേതൃത്വത്തിന്റെ ചർച്ച ഇന്ന്. ഇന്ന് രാവിലെ കന്റോണ്മെന്റ് ഹൗസിൽ ചർച്ചകൾ ആരംഭിച്ചു. ഉച്ചയ്ക്കു ശേഷമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ചർച്ച.
ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം ഹസൻ എന്നിവർ പങ്കെടുക്കും.
സീറ്റുകൾ ഏറ്റെടുക്കുമെന്ന്…
കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. പാലാ ഉൾപ്പെടെ തങ്ങൾ മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ രാഷ്ട്രദീപികയോടു പറഞ്ഞു.
കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിനാൽ കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മത്സരിച്ച പാലാ ഉൾപ്പെടെയുള്ള പല സീറ്റുകളും ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം.
കോട്ടയം ജില്ലയ്ക്ക് പുറത്തു മത്സരിക്കുന്ന കോട്ടയം ജില്ലക്കാരായ കോൺഗ്രസ് നേതാക്കളെ കോട്ടയം ജില്ലയിൽത്തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് മാണി വിഭാഗം മത്സരിച്ച പല സീറ്റുകളും ഏറ്റെടുക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ജോസ്.കെ.മാണി വിഭാഗം കേരള കോൺഗ്രസിൽ നിന്ന് വിട്ടു പോയതോടെ ജോസഫ് വിഭാഗത്തിന് പഴയ ശക്തിയില്ല.
അതിനാൽ സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ കടുത്ത നിലപാട് തന്നെ കോൺഗ്രസ് സ്വീകരിക്കും. പരമാവധി ഏഴു സീറ്റിലധികം നൽകാനാവില്ലെന്ന നിലപാട് കോൺഗ്രസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അറിയിക്കും. അഞ്ചു സീറ്റുകൾ നൽകിയാൽ മതിയെന്നാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായം.
തർക്കങ്ങളില്ലാതെ എത്രയും വേഗം സീറ്റു വിഭജനം പൂർത്തിയാക്കണമെന്ന നിലപാടാണ് മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാണക്കാട് എത്തിയ കോൺഗ്രസ് നേതാക്കളോട് മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ തന്നെ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സീറ്റു വിഭജന ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. അതേ സമയം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് അനൂപ് ജേക്കബിന്റെയും ഫോർവേഡ് ബ്ലോക്കിന്റെയും തീരുമാനം.