കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്്ട്രീയ പാർട്ടികൾ നടത്തുന്ന ജാഥകൾ ജില്ലയിൽ എത്തുന്നു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജാഥകൾ ഫെബ്രവുരി രണ്ടും മൂന്നും വാരവും ബിജെപിയുടെ ജാഥ ഈമാസം അവസാനവുമാണ് ജില്ലയിലെത്തുന്നത്.
വിവിധ സർവീസ് സംഘടനകളുടെ ജില്ലാ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും അണിയറയിൽ സജീവമായി കഴിഞ്ഞു.
ഐശ്വര്യ കേരള യാത്ര
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14നു രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യുഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും.
തുടർന്ന് 10ന് കേരള കോണ്ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിനുശേഷം ഉച്ചകഴിഞ്ഞു കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം.
വൈകുന്നേരം നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തിലെ പാന്പാടിയിൽ സ്വീകരണം നൽകും. അഞ്ചിന് ചങ്ങനാശേരിയിൽ സ്വീകരണം. വൈകുന്നേരം ആറിനു കോട്ടയത്തെ സ്വീകരണത്തോടെ ജില്ലയിലെ ആദ്യദിവത്തെ പര്യടനം സമാപിക്കും.
15നു രാവിലെ പൗരപ്രമുഖരുമായും മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാവിലെ 10ന് ഏറ്റുമാനൂരിലാണ് ആദ്യസ്വീകരണം. തുടർന്ന് 11നു കടുത്തുരുത്തിയിൽ ജാഥയെ സ്വീകരിക്കും. 12ന് വൈക്കം ബോട്ടു ജെട്ടി മൈതാനിയിൽ നടക്കുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.
തുടർന്ന് ജങ്കാർ കടന്ന് ജാഥ ആലപ്പുഴ ജില്ലയിലെ അരൂരിലേക്ക് ഐശ്വര്യ കേരള യാത്ര പോകും. ജാഥ വിജയിപ്പിക്കുവാനായി നിയോജക മണ്ഡലം നേതൃയോഗങ്ങൾ വിവിധയിടങ്ങളിൽ ചേർന്നുവരികയാണ്.
എൽഡിഎഫ് തെക്കൻ മേഖല ജാഥ
എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വികസന ജാഥകളിലൊന്നായ തെക്കൻ മേഖല ജാഥ 19നും 20നും ജില്ലയിൽ പര്യടനം നടത്തും.
സിപിഐ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയി വിശ്വം ക്യാപ്റ്റനായുള്ള ജാഥ 14ന് എറണാകുളത്തു നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലയിലെ പര്യടനത്തിനു ശേഷമാണ് ജാഥ ജില്ലയിലെത്തുന്നത്. ജില്ലയിലെ ഒന്പത് നിയമസഭ മണ്ഡലങ്ങളിലെയും ഒരു കേന്ദ്രത്തിൽ ജാഥയ്ക്കു സ്വീകരണം നൽകും.
എൽഡിഎഫ് ഘടകക്ഷികളിലെ സംസ്ഥാന നേതാക്കൾ ജാഥയിൽ അണിനിരക്കും. ജാഥയെ വരവേൽക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കേരളയാത്ര
ബിജെപി കേരളയാത്ര ഫെബ്രുവരി അവസാനവാരമാണ് ജില്ലയിൽ എത്തുന്നത്. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര കാസർകോഡ് മുതൽ തിരുവനന്തപുരം വരെയാണ് നടക്കുന്നത്. ജാഥ ജില്ലയിൽ രണ്ടു ദിവസം പര്യടനമാണ് നടത്തുന്നത്. ഇതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.