രാജീവ്.ഡി.പരിമണം
കൊല്ലം: സീറ്റ് ലഭിക്കാത്തതിനെതുടർന്ന് പാർട്ടിയുമായി പിണങ്ങിനിന്ന നേതാക്കളിൽ ഐഎൻടിയുസി നേതൃത്വ നിരയിൽപ്പെട്ട ചിലർ ഒഴികെ മറ്റെല്ലാവരും സജീവമായി രംത്തെത്തിയതോടെ പ്രചാരണരംഗം കൂടുതൽഉഷാറായി.
ഐഎൻടിയുസി സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാടിന് മാറ്റം വന്നിട്ടുണ്ട്. പിണങ്ങിനിൽക്കുന്നവരുമായുള്ള അനുരഞ്ജന ചർച്ചനാളെ കെപിസിസി ആസ്ഥാനത്ത് നടക്കും.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിനെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
അതേസമയം ഐഎൻടിയുസി പ്രവർത്തകരെല്ലാംതന്നെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തുണ്ട്.
മിൽമ മുൻമേഖലാ ചെയർമാൻ കല്ലട രമേശ് ഉൾപ്പടെയുള്ളവരെ നേരത്തെ തന്നെ നേതാക്കൾ വിളിച്ച് പിണക്കം മാറ്റിയിരുന്നു.
അതുകൊണ്ടുതന്നെ കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥിനെ കല്ലടരമേശ് ആദ്യമെ തന്നെ ഹാരമണിയിച്ച് സ്വീകരിച്ച് പ്രവർത്തനങ്ങളിൽ സജീവമായി.
ഇന്ന് നടക്കുന്ന കൺവൻഷന്റെ നടത്തിപ്പിലും അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യമുണ്ട്.
ചാത്തന്നൂരിൽ എൻ.പീതാംബരകുറുപ്പിന് സീറ്റ് നൽകിയതിനെതുടർന്ന് ഇടഞ്ഞുനിന്ന രഘുവും തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്.
നെടുങ്ങോലം രഘുവിന് സീറ്റ് കിട്ടാതായതോടെ പാർട്ടിപ്രവർത്തകർ പരവൂരിലെ കോൺഗ്രസ് ഓഫീസ് പൂട്ടിയായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്. തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്ന നിലപാടിലാണ് രഘു ഉൾപ്പടെയുള്ള നേതാക്കൾ.
പുനലൂരിൽ സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്ന മധുവിന് ഡിസിസി പ്രസിഡന്റിന്റെ ചാർജ് നൽകി സമാധാനിപ്പിച്ചു.
യൂത്തുകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ഖാനും പട്ടികയിലുണ്ടായിരുന്നു. അദ്ദേഹത്തെ ഉമ്മൻചാണ്ടി വിളിച്ച് സമാധാനിപ്പിച്ചതായാണ് അറിവ്. പുനലൂർ സീറ്റ് മുസ്ലിം ലീഗിനാണ്.
ഇവിടെ മത്സരിക്കുന്നത് അബ്ദുൽറഹ്മാൻ രണ്ടത്താണിയാണ്. അദ്ദേഹം മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്പ് തന്നെ പിണങ്ങിനിന്ന നേതാക്കളെ അനുനയിപ്പിച്ചിരുന്നു.
ഇവരെല്ലാം തന്നെ പാർട്ടിപ്രവർത്തനങ്ങളിൽ സജീവമാകും.നേതാക്കളുടെ ഭിന്നിപ്പ് മാറ്റാനായതോടെ വിജയപ്രതീക്ഷയിലാണ് സ്ഥാനാർഥികൾ.