പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.കോന്നി മുന്‍ എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ ആവശ്യപ്രകാരം റോബിന് പീറ്ററുടെ സ്ഥാനാര്‍ഥിത്വമാണ് തര്‍ക്കത്തില്‍ കുടുങ്ങിയത്.റോബിന് പീറ്ററിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഡിസിസിയും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകളില്‍ തീരുമാനം വൈകുന്നത്. ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിന്റെ പേരാണ് ഇന്നലെ വൈകുന്നേരത്തെ തിരുവനന്തപുരം ചര്‍ച്ചകളില്‍ മുന്‍തൂക്കം നിന്നത്.
അരൂര്‍, കോന്നി സീറ്റുകള്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ വച്ചുമാറുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പി. മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാമെന്നും നിര്‍ദേശമുയര്‍ന്നു. എന്നാല്‍ റോബിന് പീറ്ററിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അടൂര്‍ പ്രകാശ് എംപിയുടേത്. കോന്നിയെ 23 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന അടൂര്‍ പ്രകാശിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമാകുന്നില്ല. റോബിന് പീറ്ററുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ചര്‍ച്ച നടത്തി.
കെപിസിസി സെക്രട്ടറി പഴകുളം മധുവിന്റെ പേര് ഐ ഗ്രൂപ്പ് മുന്നോട്ടുവച്ചിരുന്നെങ്കിലും അടൂര്‍ പ്രകാശിന്റെ പിന്തുണ ലഭിച്ചില്ല. സാമുദായിക ചിന്താഗതികള്‍ വേണ്ടെന്നും വിജയിക്കുന്ന സ്ഥാനാര്‍ഥിയെന്ന നിലയില്‍ റോബിനെ മത്സരിപ്പിക്കുകയാണ് വേണ്ടതെന്നും പ്രകാശ് ഇന്നലെയും നേതാക്കളെ കണ്ടു വ്യക്തമാക്കി.പത്തനംതിട്ട ഡിസിസിയുടെ കൂടി പിന്തുണ പി. മോഹന്‍രാജിനാണ്. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കളും മോഹന്‍രാജ് മത്സരിക്കട്ടെയെന്ന നിലപാടിലാണ്. പാര്‍ട്ടിയില്‍ മോഹന്‍രാജിന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നാവശ്യവുമുണ്ടായി.
ഇതിനിടെ റോബിന് പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കോന്നിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോന്നിയിലെ കോണ്‍ഗ്രസ് ഭവനു മുമ്പില്‍ പ്രകടനം നടത്തി. അടൂര്‍ പ്രകാശ് അനുഭാവികളായി അറിയപ്പെടുന്ന ഇവര്‍ ഡിസിസി നേതാക്കള്‍ക്കെതിരെ പ്രസ്താവനകളും മുദ്രാവാക്യവും നടത്തി.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നീളുന്നത് പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതോടെ അവര്‍ പ്രചാരണരംഗത്തായി കഴിഞ്ഞു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ സ്ഥാനാര്‍ഥിയും രംഗത്തിറങ്ങും. കെ.യു. ജനീഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് ഇന്ന് കൂടുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കും.
തിങ്കളാഴ്ചയാണ് എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്വന്ഷന്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും തിങ്കളാഴ്ചയായിരിക്കും. അന്നാണ് അവസാനദിവസം. യുഡിഎഫ് സ്ഥാനാര്‍ഥിയും തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. യുഡിഎഫ് കണ്‍വന്‍ഷനും 30നാണ് തീരുമാനിച്ചിരിക്കുന്നത്. എങ്ങുമെത്താതെ സ്ഥാനാർഥി നിർണയ ചർച്ചകൾ;