കോട്ടയം: യുഡിഎഫ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടി വീണ്ടും പുതുപ്പളളിയിൽ മത്സരിക്കും. തെരഞ്ഞെടുപ്പിനായുള്ള പടപ്പുറപ്പാട് ഉമ്മൻചാണ്ടിയും പാർട്ടി നേതൃത്വവും ആരംഭിച്ചു കഴിഞ്ഞു.
കോട്ടയത്ത് ഒരു വട്ടം കൂടി തിരുവഞ്ചൂർ രാധാകൃഷ്ണനും ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ പരാജയം സംബന്ധിച്ച് വിലയിരുത്തലിനെത്തിയ
എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ചതും.
എതിർപ്പ് കുറവ്
പുതുമുഖങ്ങൾക്കും യുവാക്കൾക്കും സീറ്റുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും മത്സരിക്കുന്നതിൽ എതിർപ്പ് കുറവാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പുതുപ്പള്ളി മണ്ഡലത്തിൽ പരാജയം ഏൽക്കേണ്ടി വന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി എത്തുന്നതോടെ ജില്ലയിലേയും സംസ്ഥാനത്തേയും കോണ്‍ഗ്രസിനും യുഡിഎഫിനും ഉണർവുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടൽ.
ജില്ലയിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റൊരു സീറ്റായ വൈക്കം സംവരണ സീറ്റിൽ കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണും കെപിസിസി സെക്രട്ടറിയുമായ ഡോ. പി.ആർ. സോനയേയാണു പരിഗണിക്കുന്നത്. സോന മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പൂഞ്ഞാറിൽ കോൺഗ്രസ് ?
കേരള കോണ്‍ഗ്രസ് മാണി മത്സരിച്ചിരുന്ന പൂഞ്ഞാർ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനും കണ്ണുണ്ട്. പി.സി. ജോർജിന്റെ യുഡി എഫ് പ്രവേശനം മങ്ങിയ സാഹചര്യത്തി ൽ പൂഞ്ഞാറിൽ ടോമി കല്ലാനിയും ജോസഫ് വാഴയ്ക്കനും ഏറ്റുമാനൂരിൽ ഫിലിപ്പ് ജോസഫും മഹിളാ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലതികാ സുഭാഷുമാണ് സാധ്യതാ ലിസ്റ്റിൽ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്ക് ലതികയെ പരിഗണിക്കുന്നുണ്ട്.
ചങ്ങനാശേരി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹമുണ്ടായിരിക്കെ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഇരിക്കൂർ എംഎൽഎ കെ.സി. ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ എന്നിവരും ഒരുക്കത്തിലാണ്.
ഇരിക്കൂരിൽ മത്സരിക്കാനില്ലെന്നു പറഞ്ഞ കെ.സി. ജോസഫ് ചങ്ങനാശേരി സീറ്റാണ് നോക്കുന്നത്. ജോസഫ് വിഭാഗം സിറ്റിംഗ് സീറ്റായ ചങ്ങനാശേരിക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജില്ലയിൽ മറ്റൊരു സീറ്റ് ജോസഫ് വിഭാഗത്തിനു നൽകി ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.