സ്വന്തം ലേഖകന്‍
കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന എലത്തൂര്‍ മണ്ഡലത്തില്‍ പ്രചാരണരംഗത്ത് പോലീസ് ഇറങ്ങും.
മണ്ഡലത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായി മൂന്നുപേര്‍ രംഗത്തെത്തിയതോടെയാണ് ക്രമസമാധനം തകരാതിരിക്കാന്‍ കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
മണ്ഡലത്തിലെ യുഡിഎഫ് ഔദ്യോഗകി സ്ഥാനാര്‍ഥി എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരിക്ക് പ്രചാരണത്തിനായി മണ്ഡലത്തില്‍ സജീവമാകാന്‍ ഇതുവരേയും സാധിച്ചിട്ടില്ല.
പത്രികാ സമര്‍പ്പണത്തിനായി കളക്ടറേറ്റില്‍ എത്തി തിരിച്ചുപോവുന്നതിന് വരെ പോലീസ് സംരക്ഷണം നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി മണ്ഡലത്തില്‍ പ്രവേശിക്കുമ്പോള്‍ പ്രാദേശിക വികാരം എങ്ങനെയായിരിക്കുമെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
മണ്ഡലത്തിലെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി നിരീക്ഷിക്കുകയും സ്ഥാനാര്‍ഥി എത്തിയാല്‍ ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യതയും സംസ്ഥാന-ജില്ലാ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയാണ്.
അതേസമയം ഇതുവരേയും സ്ഥാനാര്‍ഥികളാരും സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ക്രമസമാധാനം തകരാതിരിക്കാന്‍ കേന്ദ്രസേനകളേയും അനുവദിച്ചിട്ടുണ്ട്.
എലത്തൂര്‍ മണ്ഡലത്തില്‍ പ്രശ്നസാധ്യത നിലനില്‍ക്കുന്നപക്ഷം കേന്ദ്രസേനയുടെ സാന്നിധ്യവും എലത്തൂരില്‍ ഒരുക്കും.