തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ടതില്ലെന്ന് യുഡിഎഫ്. സബ്മിഷനായി ഉന്നയിക്കേണ്ടയെന്നും ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിൽ നിർദേശമുയർന്നിരുന്നു.
നിയമസഭയിൽ മാസപ്പടി വിവാദം ശക്തമായി അവതരിപ്പിച്ചില്ലെങ്കിലും സഭയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനങ്ങളിലൂടെ വിഷയം സജീവമായി നിലനിര്‍ത്താനാണ് നിലവിൽ യുഡിഎഫിന്റെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കന്പനിക്കും വീണയ്ക്കും കൊച്ചിയിലെ കരിമണൽ കന്പനി 1.72 കോടി രൂപ മാസപ്പടി ഇനത്തിൽ നൽകിയെന്ന വിവരം പുറത്ത് വന്നിരുന്നു.
സേവനം നൽകാതെ പണം നൽകിയെന്നാണ് പുറത്ത് വന്ന വിവരം. കരിമണൽ കന്പനി യുഡിഎഫിലെ നേതാക്കൾക്കും പണം നൽകിയിരുന്നുവെന്ന ഡയറിക്കുറിപ്പിലെ വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കളുടെ പിൻമാറ്റമെന്ന് സൂചനയുണ്ട്.
കോൺഗ്രസിലേയും മുസ്ലിംലീഗിലേയും ചില നേതാക്കളുടെ പേരുകളാണ് ഡയറിയിലുള്ളത്. വിഷയം നിയമസഭയിൽ ഉന്നയിച്ചാൽ തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും നേതാക്കളെ അലട്ടുന്നത്.
ഭരണപക്ഷത്തെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാൻ ലഭിച്ച അവസരം വിനിയോഗിക്കാത്തതിൽ കോണ്‍ഗ്രസിനുള്ളിൽ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്.
അതേ സമയം കരിമണൽ കന്പനിക്കെതിരെയും വീണ വിജയനെതിരെയും ഇഡിക്ക് കേസെടുത്ത് തുടർ അന്വേഷണം നടത്താൻ സാധിക്കുമെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കരിമണൽ കന്പനിയിൽ നിന്നും പണം വാങ്ങിയതിൽ കോണ്‍ഗ്രസ് നേതാക്കളുടെയും മുസ്ലിംലീഗ് നേതാക്കളുടെയും പേരുകൾ പുറത്ത് വന്ന സാഹചര്യത്തിൽ യുഡിഎഫ് നേതാക്കൾ വിഷയം സജീവമാക്കാതെ ഉൾവലിഞ്ഞതിനെ ബിജെപി പരിഹസിക്കുന്നുണ്ട്.
ബിജെപി ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ആലോചിക്കുന്നത്.കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയ്ൽ ലിമിറ്റഡ് കന്പനിയുടെ ഓഫീസിലും എംഡി ശശിധരൻ കർത്തയുടെ വീട്ടിലും ഇൻകംടാക്സ് 2019 ജനുവരി 25ന് റെയ്ഡ് നടത്തിയിരുന്നു.
വീണയ്ക്കും അവരുടെ കന്പനിക്കും അക്കൗണ്ട് മുഖേനയാണ് വിവാദ കന്പനി പണം നൽകിയിരുന്നത്. അന്ന് റെയ്ഡിൽ പിടിച്ചെടുത്ത ഡയറിയിലായിരുന്നു പണം കൈപ്പറ്റിയ ഇടത് വലത് നേതാക്കളുടെ പേരു വിവരങ്ങൾ ചുരുക്കി എഴുതിയിരുന്നത്.
ഇൻകംടാക്സ് അന്വേഷണ വിഭാഗം കന്പനി ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ യഥാർത്ഥ പേര് വിവരങ്ങൾ ജീവനക്കാർ ഇൻകംടാക്സ് അധികൃതരെ ധരിപ്പിച്ചിരുന്നു. ഇതാണ് യുഡിഎഫ് നേതാക്കളെ വിഷയം നിയമസഭയിൽ ഉന്നയിക്കാതെ ഉൾവലിയാൻ ഇടയാക്കിയിരിക്കുന്നത്.