പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി യുഡിഎഫ് സംഘം ചൊവ്വാഴ്ച പമ്പ സന്ദര്‍ശിക്കും. എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മോന്‍സ് ജോസഫിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക.
ദേവസ്വം ബോര്‍ഡുമായും പോലീസുമായും സംഘം ചര്‍ച്ച നടത്തും. ശബരിമലയില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് യുഡിഎഫ് സംഘം പമ്പയില്‍ എത്തുന്നത്.
അതേ സമയം, ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനും തീര്‍ഥാടനത്തിന്റെ നടത്തിപ്പ് സുഗമമാക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അവലോകന യോഗം ഓണ്‍ലൈന്‍ ആയി നടക്കും.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ഥാടകര്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്നപരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.