തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാനായി തിങ്കളാഴ്ച രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും.
മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവുമെല്ലാം യോഗത്തിൽ ചർച്ചയാകും. യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളായിരിക്കും പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിക്കുന്നത്.
അതേ സമയം മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ സഭയ്ക്കകത്ത് സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ട ത്. മിത്ത് വിവാദത്തിൽ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ മുൻനിലപാട് തിരുത്തൽ വരുത്തിയിട്ടുണ്ട്.
അത് പോലെ സ്പീക്കറും ഈ വിഷയത്തിൽ തിരുത്തൽ വരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയൊ ചെയ്യണമെന്നാണ് യുഡിഎഫ് നിലപാട്.
ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിച്ച വിധത്തിൽ പരാമർശം നടത്തിയ സ്പീക്കറുമായി സഭയിൽ പ്രതിപക്ഷം മുന്നോട്ട് പോയാൽ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്കയാണ് കോണ്ഗ്രസ് , യുഡിഎഫ് നേതാക്കൾ പങ്ക് വയ്ക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ വിശ്വാസി സമൂഹത്തെ പിണക്കിയാൽ ബിജെപി കളം പിടിയ്ക്കാൻ സാധ്യതയുണ്ടെ ന്നാണ് നേതാക്കളുടെ ആശങ്ക.
സ്പീക്കർ ഖേദം പ്രകടിപ്പിച്ചാൽ വിവാദം ഇല്ലാതാകും. എല്ലാ കോണുകളിൽ നിന്നും ഉയരുന്ന ആവശ്യവും സ്പീക്കർ മാപ്പുപറയണമെന്നും ഖേദം പ്രകടിപ്പിക്കണമെന്നുമാണ്.
സ്പീക്കർ അതിന് തയാറാകാതെ സഭയിൽ പ്രതിഷേധിക്കാതെ മുന്നോട്ട് പോകുന്നതും രാഷ്ട്രീയമായി യുഡിഎഫിനെ ബാധിക്കും. ഇക്കാര്യങ്ങളിലെല്ലാം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കാനാണ് തിങ്കളാഴ്ചത്തെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം.