തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാർമികത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹഹക്കുറ്റത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സോളാർ കേസിലേതുപോലെ ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചും സർക്കാരിന്റെ അഴിമതികളെക്കുറിച്ചും സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എം എൽ എ മാരും എം പി മാരും നടത്തുന്ന സത്യഗ്രഹത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി മുകുൾ വാസ്നിക് വീഡിയോ കോൺഫറൻസിലൂടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും കെപിസിസി, ഡിസിസി ഭാരവാഹികളും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
രാവിലെ 9ന് ആരംഭിച്ച പ്രതിഷേധ സത്യാഗ്രഹം ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. കണ്ടെയിൻമെൻറ് സോണുകൾ അല്ലാത്ത സ്ഥലങ്ങളിലും ഡിസിസി ആസ്ഥാനത്തും മറ്റു സ്ഥലങ്ങളിൽ നേതാക്കൻമാരുടെ വസതികളിലും ആണ് പ്രതിഷേധ സത്യഗ്രഹം നടക്കുന്നത്.
5 മുതൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പ്രക്ഷോഭ പരിപാടികൾക്കാണ് കെപിസിസി രൂപം നൽകിയിരിക്കുന്നത്.