വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് “പണമില്ല.’. മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയതോടെയാണ് “പ്രതിസന്ധി’ രൂപപ്പെട്ടത്.
രാഹുൽ ഗാന്ധി വന്നതോടെ ദേശീയ പ്രാധാന്യമുള്ള മണ്ഡലമായി വയനാട് മാറി. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സദാസമയ നിരീക്ഷണത്തിനുള്ളിലാണ് യുഡിഎഫിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒരു സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പരമാവധി 70 ലക്ഷം രൂപ വരെ ചെലവഴിക്കാനേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ളൂ. രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്ന ചടങ്ങിന് റോഡ് ഷോ ഉൾപ്പെടെ ആകെ ചിലവായത് 18 ലക്ഷം രൂപ.
17ന് വീണ്ടും വയനാട്ടിൽ എത്തുന്ന രാഹുൽഗാന്ധി അന്ന് മുഴുവൻ സമയവും മണ്ഡലത്തിൽ ചെലവഴിക്കും. ഇതിന് 20 ലക്ഷത്തിന് മുകളിൽ ചിലവ് വരുമെന്നാണ് യുഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഇതോടെ 40 ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ രാഹുലിന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കപ്പെടും.
ബാക്കി 30 ലക്ഷം രൂപ കൊണ്ട് മറ്റുള്ള പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. വയനാട് മണ്ഡലത്തിൽ 1311 ബൂത്തുകളാണ് നിലവിലുള്ളത്. ഓരോ ബൂത്ത് കമ്മിറ്റിക്കും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് 2000 രൂപ വച്ച് നൽകുകയാണെങ്കിൽ പോലും 26 ലക്ഷത്തോളം രൂപ വേണം. ഇതാണ് വയനാട്ടിൽ യുഡിഎഫിന് വെല്ലുവിളി ഉയർത്തുന്നത്.
സ്ഥാനാർഥി രാഹുൽ ഗാന്ധി ആയതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവിധ സ്ക്വാഡുകൾ മണ്ഡലത്തിൽ യുഡിഎഫിന് പുറകെയുണ്ട്. ഇതിനു പുറമേ പ്രത്യേക നിരീക്ഷണ സംവിധാനവും വയനാട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പണമെത്തിക്കാനും ചിലവഴിക്കാനും യുഡിഎഫിന് കഴിയുന്നില്ല. ഇത് പോസ്റ്ററുകളിലും മറ്റ് പ്രചാരണ പ്രവർത്തനങ്ങളിലും ദൃശ്യമാണ്.
വയനാട്ടിൽ എഐസിസി നേരിട്ടാണ് സാമ്പത്തികമടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ എൽഡിഎഫിനോ എൻഡിഎക്കോ ഈയൊരു പ്രതിസന്ധി ഇല്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ പറയുന്നു.