മണ്ണാർക്കാട്: എൽഡിഎഫ് ഭരിക്കുന്ന തെങ്കര പഞ്ചായത്ത് ഭരണം യുഡിഎഫ് അട്ടിമറിച്ചു. പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സായി . ഇന്നലെ രാവിലെ പത്തരയോടെയാണ് യോഗം ആരംഭിച്ചത്.ഇതോടെ നിർണ്ണായക സംഭവങ്ങൾക്കാണ് പഞ്ചായത്തിൽ കളമൊരുങ്ങിയത് .പരാജയം മുന്നിൽ കണ്ടെന്നോണം സിപിഎമ്മിലെ ആറ് അംഗങ്ങളും, സ്വതന്ത്രനും യോഗം ബഹിഷ്ക്കരിച്ചതോടെ യുഡിഎഫ് വിജയം ഉറപ്പിച്ചു.
സിപി ഐ, ബിജെപി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതോടെയാണ് ക്വാറം തികഞ്ഞത് . ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സാവിത്രിക്ക് എതിരായി അവിശ്വാസം പാസ്സായതായി വരണാധികാരി അറിയിക്കുകയായിരുന്നു.
തുടർന്ന് രണ്ട് മണിക്ക് വൈസ് പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയും എൽഡിഎഫിന് പ്രതികൂലമായതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ഉറപ്പായി. സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച ഇ.ഒ.മുഹമ്മദിനെയാണ് അവിശ്വാസംമൂലം അയോഗ്യനാക്കിയത്.
തുടർന്ന് വരണാധികാരി അടുത്ത നടപടികളിലേക്ക് നീങ്ങി .റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദിവസം കമ്മീഷൻ പ്രഖ്യാപിക്കും. അവിശ്വാസത്തിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ പുറത്തായതോടെ വികസന സ്ഥിരം സമിതി അധ്യക്ഷയ്ക്കാണ് പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല.
ഇവർ മുൻപെ രാജിവച്ച സാഹചര്യത്തിൽ ഇത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷക്ക് ലഭിക്കും . നിലവിലെ സാഹചര്യത്തിൽ ഇത് സ്വീകരിക്കപ്പെട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പ് വരെ പഞ്ചായത്തിൽ സെക്രട്ടറി ഭരണം തുടരും.
അവിശ്വാസം വിജയത്തിലെത്തിയതോടെ ഭരണി സമിതി സ്ഥാനങ്ങൾക്കുള്ള സജീവ ചർച്ചകൾ ആരംഭിക്കുകയാണ് യുഡിഎഫിൽ.