തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ. സുധാകരനെ അനുകൂലിച്ചുള്ള ബാനറുമായി പ്രവർത്തകരുടെ പ്രതിഷേധം.
സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി എത്തിയത്. ഇതേത്തുടർന്നു പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. മറ്റ് പ്രവർത്തകർ ബാനർ പിടിച്ച് വാങ്ങി.
ഇന്ദിരാഭവനിൽ ഇന്ന് ഉച്ചയ്ക്ക് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ രംഗത്തെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന രണ്ടാമത്തെ യുഡിഎഫ് യോഗമാണിത്. യോഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വിട്ടുനിൽക്കും. രാജി നൽകിയത് കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.
യുഡിഎഫ് ചെയര്മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതടക്കം നിര്‍ണായക തീരുമാനങ്ങളും യോഗത്തിൽ എടുത്തേക്കും.യുഡിഎഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല തുടരുമോ വി.ഡി. സതീശനെ നിയോഗിക്കുമോയെന്നും ഇന്നറിയാം.
കാലങ്ങളായി പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയർമാനാകുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ചെന്നിത്തലയെ ചെയര്‍മാനായി നിലനിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മുന്നണിയെ നയിക്കുന്ന പ്രധാന ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിലും ഏകോപനമില്ലായ്മയും ഘടകക്ഷികളുടെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എം. ഹസന് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയാറാകുമോയെന്നതും നിര്‍ണായകമാണ്.