സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസിൽ ചേരി തിരിഞ്ഞുള്ള കലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസിലെ പുകച്ചിലിനു യുഡിഎഫ് യോഗത്തിൽ പരിഹാരമുണ്ടാകുമോയെന്നു രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നതിനിടെയാണ് നിർണായക മുന്നണി യോഗം ചേരുന്നത്.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ വിമർശനം ഉന്നയിച്ച ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നേരിൽ കണ്ട്സംസാരിച്ചിരുന്നു.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കമുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റതിനു ശേഷം ആദ്യം നടക്കുന്ന യുഡിഎഫ് നേതൃയോഗമാണ് ഇന്നു ചേരുന്നത്. ഉച്ച കഴിഞ്ഞ് രണ്ട രയ്ക്ക് കന്‍േറാണ്‍മെന്റ് ഹൗസിലാണ് യോഗം. യുഡിഎഫ് യോഗത്തിനു മുന്നോടിയായി ആർഎസ്പിയുമായുള്ള ഉഭയകക്ഷി ചർച്ചയും നടക്കും.
ഇന്നലെ നടന്ന ആർഎസ്പി നേതൃയോഗത്തിൽ യുഡിഎഫ് മുന്നണി വിടണമെന്നു ആവശ്യമുയർന്നിരുന്നെങ്കിലും അക്കാര്യം പാർട്ടി തള്ളിക്കളഞ്ഞിരുന്നു.ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഘടകകക്ഷികൾ പലരും അതൃപ്തരാണ്.
മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിൽ ഐക്യമുണ്ടാകണമെന്നും യോജിപ്പിലെത്തണമെന്നും കക്ഷി നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതു കൂടാതെ കെപിസിസി അവലോകന റിപ്പോർട്ടിൽ പാർട്ടിക്കെതിരായ പരാമർശങ്ങളിൽ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് എതിർപ്പുകളുണ്ട്.
ഇക്കാര്യം ജോസഫ് വിഭാഗം മുന്നണി യോഗത്തിൽ ഉയർത്തിക്കാട്ടും.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് നിർണായകമാകുന്ന മറ്റൊരു വിഷയം.
വി.ഡി. സതീശൻ ഇരുനേതാക്കളെയും ഇന്നലെ നേരിട്ടുകണ്ട് ചർച്ച നടത്തിയ സാഹചര്യത്തിൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിൽ താത്കാലികമായി വെടിനിർത്തലായെന്നാണ് നേതാക്കൾ പ്രതികരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരു നേതാക്കളും മുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്.