ജോണ്സണ് വേങ്ങത്തടം
കൊച്ചി: സീറ്റുവിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും പെട്ടെന്നു കേരളത്തിൽ തന്നെ പരിഹരിക്കാൻ രാഹുൽഗാന്ധിയുടെ കർശനനിർദേശം വന്നതോടെ കോണ്‍ഗ്രസ് ഉണർന്നു. നാളെ യുഡിഎഫ് യോഗം വിളിച്ചു സീറ്റുവിഭജനത്തിന്റെ പ്രാരംഭ ചർച്ച ആരംഭിക്കുകയാണ്.
കക്ഷികളുമായിട്ടുള്ള ഉഭയകക്ഷിചർച്ചയ്ക്കുള്ള തീയതി നാളെ നിശ്ചയിക്കും. മൂന്നിനു കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ കേരള യാത്ര ആരംഭിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് യോഗം വിളിക്കാനുള്ള സമയമില്ലാത്തതു കൊണ്ടാണ് നാളെ യോഗം വിളിക്കുന്നത്. നാളെ ഉഭയകക്ഷി ചർച്ചയ്ക്കുള്ള തീയതി നിശ്ചയിച്ചാൽ ചർച്ചകൾ യാത്രയ്ക്കിടെയായിരിക്കും.
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശന സമയത്തു കേരള കോണ്‍ഗ്രസും ലീഗും കൂടുതൽ സീറ്റുകൾ ചോദിച്ചത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾ കേരളത്തിൽതന്നെ തീർക്കണമെന്നായിരുന്നു രാഹുലിന്റെ നിർദേശം. അതിനു കഴിവുള്ള നേതാക്കൾ ഇവിടെയുള്ള സ്ഥിതിക്കു പ്രശ്നപരിഹാരം ഹൈക്കമാൻഡിൽനിന്നും വേണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിരുന്നു. പ്രാദേശിക തലത്തിലുള്ള പ്രശ്നമെല്ലാം ഇവിടെ അവസാനിപ്പിക്കണം.
യുഡിഎഫ് നേതാക്കളുമായി നടത്തിയ ചായ സത്ക്കാരത്തിൽ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ രാഹുൽ സൂചിപ്പിച്ചു. യുവാക്കളെയും വനിതകളെയും സ്ഥാനാർഥികളാക്കാനും പ്രായമായവർ മാറി നിൽക്കാനും രാഹുൽ നിർദേശിച്ചിട്ടുണ്ട്. വിജയ സാധ്യത മാത്രമായിരിക്കണം സ്ഥാനാർഥി നിർണയത്തിലെ പ്രധാന ഘടകമെന്നും രാഹുൽ നിർദേശിച്ചു.
കേരള കോണ്‍ഗ്രസ് രണ്ട് സീറ്റുകളും ലീഗ് മൂന്നു സീറ്റുകളാണ് ചോദിക്കുന്നത്. നിലവിൽ ഇവർക്കു യഥാക്രമം ഒന്നും രണ്ടും സീറ്റുകളാണുള്ളത്. ഓരോ സീറ്റുകൾ കൂടുതൽ ചോദിക്കുന്നതോടെ കോണ്‍ഗ്രസിന്റെ സീറ്റുകൾ കുറയും. ലീഗിനെ കൂടെനിർത്താൻ സാധിക്കുമെങ്കിലും കേരള കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതി അത്ര സുഖകരമല്ല.
രണ്ട് സീറ്റു ചോദിക്കുന്ന കേരളകോണ്‍ഗ്രസ് കോട്ടയവും ഇടുക്കിയുമാണ് ചോദിക്കുന്നത്. ഇടുക്കി കോണ്‍ഗ്രസിന്റെ സീറ്റാണ്. മാണിയും ജോസഫും ചേർന്നുള്ള രാഷ്ട്രീയതന്ത്രമായും ഇതിനെ കാണുന്നവരുണ്ട്. ലയനത്തിനുശേഷവും വളരുന്നില്ലെന്ന പരാതിയും പാർട്ടിക്കുണ്ട്. ആർഎസ്പിക്കു ഒരു സീറ്റുണ്ട്.
കൊല്ലം സീറ്റിൽ അവർ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. യുഡിഎഫ് സീറ്റ് വിഭജനം നടത്തുന്നതിനുമുന്‍പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു മുന്നണിക്കു ക്ഷീണമായിട്ടുണ്ട്. ഈ വിഷയവും നാളെ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ചർച്ചയാകും. കേരള കോണ്‍ഗ്രസ് ജേക്കബ് സീറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും അത് അത്രവലിയ ഗൗരവമായി കോണ്‍ഗ്രസ് കാണുന്നില്ല.
ഇതിനിടയിൽ സീറ്റു ചർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നു യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ പറയുന്നു. എല്ലാകാലങ്ങളിലും സീറ്റു വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടാകാറുണ്ട്. തെരഞ്ഞടെുപ്പിൽ ഒറ്റക്കെട്ടായി നേരിടുന്ന ചരിത്രമാണുള്ളതെന്നും ഈ പ്രാവശ്യവും ഒരുമാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ ആറോളം കക്ഷികൾ യുഡിഎഫ് പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതിൽ രാജൻബാബുവിന്റെ ജഐസ്എസും ഐഎൻഎല്ലിന്റെ ഒരുവിഭാഗവും ഉൾപ്പെടുന്നു. എന്നാൽ ഇവരെപെട്ടെന്നു യുഡിഎഫിൽ അംഗമാക്കില്ല. ഇവരെ യുഡിഎഫിനോടു സഹകരിക്കുന്ന കക്ഷികളാക്കി മാറ്റും. ഇതിനായി യുഡിഎഫിൽ അഞ്ചാംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.