മുക്കം (കോഴിക്കോട്): അടുത്ത കാലം വരെ ഇടതു പക്ഷവുമായി യാതൊരു നിലയ്ക്കും സഹകരിക്കാൻ തയാതാകാതിരുന്ന മുജാഹിദ് വിഭാഗങ്ങളും സമസ്ത ഇകെ വിഭാഗവും ഇടതുപക്ഷവുമായി കൂടുതൽ അടുക്കുന്നു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മും ഇടതുപക്ഷവും നേതൃത്വം നൽകുന്ന ഒട്ടുമിക്ക സമരങ്ങളിലും ഈ സംഘടനകളുടെ നേതാക്കൾ മാത്രമല്ല അണികളും നിറസാന്നിധ്യമാണ്. ഇകെ, സമസ്ത അടക്കമുള്ള സംഘടനകളെ മുസ്ലിം ലീഗ് നേതൃത്വം പല തവണ തടയാൻ ശ്രമിച്ചങ്കിലും അവർ വഴങ്ങിയില്ലന്നതും ശ്രദ്ധേയമാണ്.
ഈ അവസ്ഥയിൽ ഒന്നിച്ചുള്ള സമരങ്ങൾക്കാണ് പ്രസക്തിയെന്നും മറിച്ചുള്ള ചിന്ത തന്നെ അപകടമാണന്നുമാണ് മുസ്ലിം സംഘടനകൾ ഒന്നടങ്കം പറയുന്നു. ഒരു നിലപാട് സ്വീകരിച്ചാൽ അതിൽ നിന്ന് അണുവിട പിന്തിരിയാൻ തയാറല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും ഇവർക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.
അതേ സമയം ഒന്നിച്ചുള്ള സമരത്തെ എതിർക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ലീഗ് നേതാവ് എം.കെ. മുനീർ ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾക്കെതിരെ പലയിടങ്ങളിലും അണികൾ തന്നെ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുഡിഎഫ് കോഴിക്കോട് കപിൽ സിബലിനെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ അസാനിധ്യവും വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.
ഒന്നിച്ച് പരിപാടി സംഘടിപ്പിക്കുന്നില്ലന്ന് മാത്രമല്ല യുഡിഎഫിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ ഒരു സമരം നടത്താൻ സാധിച്ചിട്ടില്ലെന്നും നടത്തുന്ന പരിപാടികളിൽ തന്നെ പലരും വിട്ടു നിൽക്കുന്ന പ്രവണത സംഘ പരിപാവാർ സംഘടനകൾക്ക് ശക്തി പകരാൻ മാത്രമേ ഉപകരിക്കൂ എന്നും സമസ്തയുടെ ഒരു മുതിർന്ന നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
അതേ സമയം ഉമ്മൻ ചാണ്ടിയുടേയും കെ.മുരളീധരന്റേയും ഈ വിഷയത്തിലെ നിലപാട് സ്വാഗതാർഹമെന്നും നേതാവ് പറഞ്ഞു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് കേന്ദ്രത്തിന്റെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സൂചകമായി 71 – മത് റിപ്പബ്ളിക് ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശ്യംഖലയിലും കാണാനായത്.
മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ മനുഷ്യ ശൃംഖലയിൽ പങ്കു ചേര്‍ന്നു.രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികള്‍ സംസ്ഥാനത്തുടനീളം ശൃംഖലയിൽ അണി നിരന്നപ്പോൾ മുസ്ലിം ലീഗിനൊപ്പം നില്ക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മനുഷ്യശ്യംഖലയുടെ ഭാഗമായതും ശ്രദ്ധേയമായി.ഒപ്പം മുജാഹിദ് വിഭാഗവും മനുഷ്യശ്യംഖലയെ പിന്തുണച്ചു.