പത്തനംതിട്ട: രാഷ്ട്രീയപരമായി യുഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമെന്ന് വിലയിരുത്തുന്ന ആറന്മുളയിൽ ഇത്തവണ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം 12 ശതമാനം.
വീണാ ജോർജിന്റെ ഭൂരിപക്ഷം 19,003 വോട്ടാണ്. ആറന്മുളയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം.
കെ.കെ. ശ്രീനിവാസനുശേഷം ഒരു എംഎൽഎയ്ക്ക് മണ്ഡലത്തിൽ രണ്ടാം ഊഴം ലഭിക്കുന്നതും ഇതാദ്യം.
സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. രണ്ടാം അങ്കത്തിന് ആറന്മുളയിൽ ഇറങ്ങിയ എൽഡിഎഫിലെ വീണാ ജോർജ് നേടിയ വോട്ടുകൾ കണ്ട് എതിരാളികൾ തന്നെ ഞെട്ടിയിരിക്കുകയാണ്.
പോൾ ചെയ്തതിന്റെ 46.3 ശതമാനം വോട്ടുകൾ വീണാ ജോർജിനാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ. ശിവദാസൻ നായർക്ക് 34.56 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിക്കാകട്ടെ 17.98 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞതവണ 64523 വോട്ടുകൾ (39.97 ശതമാനം) ലഭിച്ച വീണാ ജോർജിന് ഇത്തവണ 74950 വോട്ടുകൾ ലഭിച്ചു.
മണ്ഡലത്തിൽ യുഡിഎഫ് വോട്ട് 2016ൽ 56877 (35.23 ശതമാനം) ആയിരുന്നത് ഇത്തവണ 55947 ആയി കുറഞ്ഞു. ബിജെപി വോട്ടുകൾ 2016ൽ 37906 (23.48 ശതമാനം)ൽ നിന്ന് 29099 ലേക്കും കുറഞ്ഞു. കഴിഞ്ഞതവണ 7646 വോട്ടുകൾക്കാണ് ശിവദാസൻ നായരെ വീണാ ജോർജ് തോല്പിച്ചത്.
ഭൂരിപക്ഷം 10000 കടക്കുമെന്ന ഉറച്ച വിശ്വാസം ഇത്തവണ വീണാ ജോർജിനുണ്ടായിരുന്നു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും എൽഡിഎഫിനായിരുന്നു ലീഡ്.
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പോലും ആറന്മുള മണ്ഡലത്തിൽ നേരിയ ലീഡ് യുഡിഎഫിനുണ്ടായതാണ്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണാ ജോർജിനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിലും മണ്ഡലത്തിൽ 6593 വോട്ടുകൾക്ക് പിന്നിലായിരുന്നു.