കോന്നി: അടൂർ പ്രകാശ് യുഡിഎഫ് കൺവൻഷൻ വേദിയിലെത്തിയത് പ്രവർത്തകരിൽ ആവേശമായി.താൻ നിർദേശിച്ച റോബിൻ പീറ്റർക്ക് സീറ്റ് നിഷേധിച്ചതോടെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന അടൂർ പ്രകാശുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നടത്തിയ ചർച്ചകളേ തുടർന്നാണ് ഇന്നലെ കൺവൻഷനിൽ അടൂർ പ്രകാശ് പങ്കെടുത്തത്.
കൺവൻഷനിൽ പങ്കെടുത്തെങ്കിലും ജില്ലയിലെ നേതാക്കൾ അടക്കമുള്ളവരെ പ്രസംഗത്തിൽ പരോക്ഷമായി വിമർശിച്ചാണ് അടൂർ പ്രകാശ് മടങ്ങിയത്. പി. മോഹൻരാജിനുവേണ്ടി പ്രവർത്തിക്കുമെന്ന് പ്രസംഗത്തിൽ അറിയിച്ചെങ്കിലും നേതൃത്വത്തിൽ ഉണ്ടാകുമോയെന്നതാണ് പ്രചാരണരംഗത്തു പ്രവർത്തകരിൽ ആശങ്ക ഉണ്ടാക്കുന്നത്.
പ്രകാശ് നിർദേശിച്ച റോബിൻ പീറ്റർ പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രവർത്തകർ തോളിലേറ്റിയാണ് അടൂർ പ്രകാശിനെ വേദിയിലെത്തിച്ചത്. കഴിഞ്ഞ ഒാരോ തെരഞ്ഞെടുപ്പ് കാലത്തും തന്നോടു കോന്നി മണ്ഡലത്തിലെ ജനങ്ങൾ കാട്ടിയ സ്നേഹം ഒരിക്കലും മറക്കാനാവില്ലെന്നു പറഞ്ഞായിരുന്നു പ്രകാശ് സംസാരിച്ച് തുടങ്ങിയത്.
ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നു എല്ലാവരും സഹായിച്ചത്. മണ്ഡലം ആഗ്രഹിച്ചതും അതിലപ്പുറവും മണ്ഡലത്തിൽ എത്തിക്കാനായതിൽ അഭിമാനമുണ്ട്. സംസ്ഥാനത്തെ മറ്റു പല താലൂക്കുകളിലും ഇല്ലത്ത അത്ര ഓഫീസുകൾ കോന്നി മണ്ഡലത്തിൽ തുടങ്ങാനായി.
സംസ്ഥാനത്ത് മറ്റ് എല്ലായിടത്തും അനുവദിച്ചതിനൊപ്പമാണ് കോന്നിയിലും പട്ടയം അനുവദിച്ചത്. എന്നാൽ പിന്നീടു വന്ന ഇടത് സർക്കാർ ഇതു റദ്ദ് ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിന്റെ പണികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെക്കുറെ പൂർത്തിയായിരുന്നു. താലൂക്കിൽ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. വികസന വിഷയങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു അടൂർ പ്രകാശിന്റെ പ്രസംഗം.
താൻ മണ്ഡലത്തിൽ എംഎൽഎ ആയി എത്തുമ്പോൾ റോബിൻ പീറ്റർ പഞ്ചായത്ത് അംഗമായിരുന്നുവെന്നും പിന്നീട് ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന റോബിനെ താനല്ല രാഷട്രീയത്തിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയിലേക്ക് ഒരു സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ റോബിന്റെ പേരു നിർദേശിച്ചു. അദ്ദേഹത്തിന്റെ സീനിയോറിറ്റി അടക്കം പരിഗണിച്ചാണ് പേരു നിർദേശിച്ചത്. അപ്പോഴേക്കും എതിർപ്പുകൾ ഉണ്ടായി.
പി.ജെ. കുര്യൻ അടക്കം നേതാക്കൾ തനിക്കു ചെയ്ത സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും പ്രകാശ് പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിച്ചിട്ടുള്ള ആളാണ് താൻ. പാർട്ടി നൽകിയ പദവി നന്ദിപൂർവം ഏറ്റെടുത്തിട്ടുമുണ്ട്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലംതൊട്ട് പി. മോഹൻരാജ് സഹപ്രവർത്തകനാണ്.
താൻ പ്രസിഡന്റായിരുന്ന യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ മോഹൻരാജ് സെക്രട്ടറിയായിരുന്നു. പിന്നീട് ഒരുമിച്ച് ഡിസിസി ഭാരവാഹികളായി. ഇതിനിടെ റോബിൻ പീറ്ററുടെ പരിചയസന്പന്നതയെക്കുറിച്ച് അടൂർ പ്രകാശ് വാചാലനായപ്പോൾ വേദിയിൽ നിന്നു കെപിസിസി പ്രസിഡന്റിന്റെ വിലക്ക് വന്നു.
അദ്ദേഹത്തിനുവേണ്ടി യുഡിഎഫ് പ്രവർത്തകർ പ്രവർത്തിക്കണമെന്നും പാർട്ടി ഒരു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തിരിച്ചറിയണമെന്നും പ്രകാശ് പറഞ്ഞു.