മുക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ മലയോര മേഖലയിൽ ഇടത് കോട്ടകളിലും ആധിപത്യം പുലർത്തി യു ഡി എഫ്. കാരശേരി കൊടിയത്തൂർ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് പല വാർഡുകളിലും ഇടത് മുന്നണിക്ക് അപ്രതീക്ഷിത തോൽവി നേരിടേണ്ടി വന്നത്.
ഇത്തരത്തിൽ കാരശേരിയിൽ രണ്ട് വാർഡുകളിലെ ഞെട്ടിക്കുന്ന തോൽവി ഇടത് മുന്നണിക്ക്പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തുകയും ചെയ്തു.
കാരശേരിയിൽ സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്ന് അറിയപ്പെടുന്ന വാർഡ് നാലിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഷ്റഫ് തച്ചാറമ്പത്ത് ഇടത് സ്ഥാനാർഥിയായ സുബൈർ കോപ്പിലാക്കലിനെ പരാജയപ്പെടുത്തിയത് ഇടത് കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ടി.വിശ്വനാഥന്റെ വാർഡിലാണ് ഈ തോൽവി. ജില്ലാ ബ്ലോക്ക് ഡിവിഷനുകളിൽ സിപിഎം സ്ഥാനാർഥികൾ ഈ വാർഡിൽ മികച്ച ലീഡ് നേടിയതും വരും ദിവസങ്ങളിൽ ചർച്ചയാകും.
ഏകപക്ഷീയമായ സ്ഥാനാർഥി നിർണയമാണ് കനത്ത തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാർഡ് രണ്ടിൽ ഇടത് കോട്ടയിൽ സിപിഎമ്മിലെ വിപിൻ ബാബു പരാജയപ്പെട്ടതും ഇടത് മുന്നണിക്ക് വൻ തിരിച്ചടിയായി. വർഷങ്ങളായി ഇടത് മുന്നണി വിജയിച്ച് വരുന്ന വാർഡ് കൂടിയാണിത്.
കോൺഗ്രസിലെ ജംഷിദ് ഒളകരയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. കാരശേരി പതിനാല്, പതിനഞ്ച് വാർഡുകളിലെ തോൽവിയും സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കും.
കഴിഞ്ഞ തവണ നാനൂറോളം വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥി വിജയിച്ച പതിനാലാം വാർഡിൽ ഇത്തവണ 149 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു സിപിഎം സ്ഥാനാർഥി. ഈ മൂന്ന് വാർഡുകളിലും സ്ഥാനാർഥി നിർണ്ണയത്തിലെ അപാകതയാണ് പരാജയത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് വിജയിച്ച വാർഡ് 15 ലും ഞെട്ടിക്കുന്ന തോൽവിയാണ് ഇടത് മുന്നണിക്കുണ്ടായത്.
അതിനിടെ യുഡിഎഫ് ശക്തികേന്ദ്രമായ നെല്ലിക്കാപറമ്പിൽ സിപിഎം സ്വതന്ത്ര ജിജിത സുരേഷിന്റെ വിജയം സിപിഎമ്മിന് ആശ്വാസമായി.
യുഡിഎഫ് തൂത്തുവാരിയ കൊടിയത്തൂരിലും ഇടത് കോട്ടകൾ ആടിയുലഞ്ഞു.
പഞ്ചായത്തിൽ എക്കാലവും ഇടത് പക്ഷത്തോടൊപ്പം നിന്ന വാർഡ് എട്ട്, ഒന്പത്, 15 എന്നിവിടങ്ങളിലെ തോൽവി കനത്ത പ്രഹരമാണ് എൽഡിഎഫ് ക്യാമ്പിന് ഉണ്ടാക്കിയത്.
കഴിഞ്ഞ തവണ 400 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ് വിജയിച്ച വാർഡിൽ മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർഥി രതീഷ് കളക്കുടികുന്ന് വിജയിക്കുകയായിരുന്നു.
ഇത്തവണത്തെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ സിപിഎമ്മിലെ കെ.പി ചന്ദ്രനെ ഒൻപതാം വാർഡിൽ ഒരു വോട്ടിന് കോൺഗ്രസിലെ ബാബു പൊലുകുന്നത്ത് പരാജയപ്പെടുത്തിയതും ചരിത്ര സംഭവമായി. ബാബുവിന്റെ അപരൻ 50 ലധികം വോട്ടുകൾ നേടിയത് കൂടി നോക്കുമ്പോൾ വിജയത്തിന് ഇരട്ടി മധുരമാണ്.
വാർഡ് 15 ൽ റുബീന മജീദ് ഫാത്തിമ നാസറിനോട് പരാജയപ്പെട്ടതും സിപിഎമ്മിന് വലിയ തിരിച്ചടിയായി. അതോടൊപ്പം തന്നെ ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട്, കൊടിയത്തൂർ ഡിവിഷനുകളിലെ തോൽവിയും ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നഷ്ടപ്പെടുന്നതിന് കാരണമായത് ഈ രണ്ട് സിറ്റിംഗ് സീറ്റുകളിലെ പരാജയമാണ്.
പന്നിക്കോട് ഡിവിഷനിൽ സിപിഎം സ്ഥാനാർഥിയും കൊടിയത്തൂർ ഡിവിഷനിൽ സിപിഐ സ്ഥാനാർത്ഥിയുമായിരുന്നു കഴിഞ്ഞ തവണ വിജയിച്ചിരുന്നത്. നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന് ലഭിച്ചത്.
അതേ സമയം മികച്ച നേട്ടത്തിനിടയിലും പത്താം വാർഡായ പഴം പറമ്പിൽ യുഡിഎഫ് വിമത മറിയം കുട്ടിഹസന്റെ വിജയം യുഡിഎഫിന് വലിയ തിരിച്ചടിയായി. ഇവിടെ 48 വോട്ടുകൾക്കാണ് മറിയം വിജയിച്ചത്.
നാലാം വാർഡിലെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി സുജ ടോമിന്റെ പരാജയവും യു ഡി എഫിന് വലിയ ക്ഷീണമായി.സ്ഥാനാർഥി നിർണ്ണയത്തിലെ അപാകതയും ഏകപക്ഷീയമായ നിലപാടുകളുമാണ് ഈ വാർഡുകളിൽ തോൽവിക്ക് കാരണമായത്.