നിയാസ് മുസ്തഫ
ഉദ്ധവ് താക്കറെ സർക്കാരിന് ഇന്ന് നിർണായക ദിവസം. ഇന്നു രണ്ടിനു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഉദ്ധവ് സർക്കാർ വിശ്വാസവോട്ട് തേടും. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.40നാണ് മുംബൈ ദാദറിലെ ശിവജി പാർക്കിൽ വർണാഭമായ ചടങ്ങ് സംഘടിപ്പിച്ച് ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉദ്ധവിനോടൊപ്പം ആറ് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
സഭയിൽ വിശ്വാസവോട്ട് തേടാൻ വരുന്ന മൂന്നാം തീയതി വരെ ഗവർണർ ഭഗത് സിംഗ് കോഷിയാരി സമയം അനുവദിച്ചിട്ടുണ്ട്. എങ്കിലും എംഎൽഎമാരെ അടർത്തിമാറ്റാൻ പ്രതിപക്ഷമായ ബിജെപി ശ്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്നുതന്നെ വിശ്വാസവോട്ട് തേടാൻ സർക്കാർ മുതിർന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളതിനാൽ എംഎൽഎമാർ എല്ലാവരും തന്നെ ഇപ്പോൾ മുംബൈയിലുണ്ട്. വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമല്ലെന്നാണ് സഖ്യസർക്കാരിനു ലഭിച്ച ഉപദേശം.
നിലവിൽ 170എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് മഹാ വികാസ് അഘാഡി (ശിവസേന-എൻസിപി-കോൺഗ്രസ്) സഖ്യത്തിന്റെ അവകാശവാദം. സർക്കാർ രൂപീകരിക്കാനായി ഗവർണർക്ക് നൽകിയ പിന്തുണക്കത്തിൽ 162പേരാണ് ഒപ്പിട്ടത്. 288 അംഗ നിയമസഭയിൽ 145പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
ഇന്നലെ ഉദ്ധവ് താക്കറെ ഒഫീസിലെത്തി ചുമതലയേറ്റിരുന്നു. മന്ത്രിസഭാ യോഗവും ഇന്നലെ ചേർന്നു. മന്ത്രിസഭാ യോഗത്തിൽ പ്രോടെം സ്പീക്കറും ബിജെപി എംഎൽഎയുമായ കാളിദാസ് കൊളംബ്കറിനെ നീക്കി. പകരം എൻസിപിയിലെ ദിലീപ് വൽസേ പാട്ടീലിനെ പുതിയ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തു. വോട്ടെടുപ്പിൽ തുല്യനില വന്നാൽ പ്രോടെം സ്പീക്കർക്കും വോട്ടു ചെയ്യാം.
വിശ്വാസവോട്ടെടുപ്പ് നേടിയശേഷം പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും. മുൻ ധാരണപ്രകാരം കോൺഗ്രസിനാണ് സ്പീക്കർ സ്ഥാനം. എന്നാൽ കോൺഗ്രസ് ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടുള്ളത് കല്ലുകടി യായിട്ടുണ്ട്. എൻസിപിയോടൊപ്പം കോൺഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയാൽ സ്പീക്കർ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി അനിശ്ചിതത്വം വരും.
എൻസിപിയിലെ അജിത് പവാറോ ജയന്ത് പാട്ടീലോ ഉപമുഖ്യമന്ത്രിയാവും. അജിത് പവാറിനാണ് സാധ്യത കൂടുതൽ. ബിജെപിയോടൊപ്പം കൂട്ടുകൂടി എൻസിപിയേയും ത്രികക്ഷി സഖ്യത്തെയും ചതിച്ചയാൾ എന്ന നിലയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയാവുന്നത് കോൺഗ്രസിന് അത്ര താല്പര്യമില്ല.
എങ്കിലും എൻസിപിയുടെ ആഭ്യന്തരവിഷയമെന്ന നിലയിൽ ഇതിൽ വ്യക്തമായൊരു അഭിപ്രായത്തിനു കോൺഗ്രസ് മുതിരില്ല. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് ബിജെപി പാളയത്തിൽനിന്ന് എൻസിപിയിലേക്ക് അജിത്തിനെ മടക്കിക്കൊണ്ടുവന്നതെന്നാണ് സംസാരം. അതേസമയം, സ്പീക്കർ സ്ഥാനം കോൺഗ്രസ് സ്വീകരിക്കുകയും ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നുവയ്ക്കുകയും ചെയ്താൽ മുൻമുഖ്യമന്ത്രി കൂടിയായ പൃഥ്വിരാജ് ചവാൻ സ്പീക്കറാവുമെന്നാണ് സൂചന.