മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വിദർഭ മേഖലയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ ശിവസേന (യുബിടി)യും തമ്മിലുള്ള ഭിന്നത രൂക്ഷം. വിദർഭ മേഖലയിലെ 62 സീറ്റിൽ 17 സീറ്റ് ആണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്.
എന്നാൽ, വിദർഭയിലെ സീറ്റുകൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ചില കോൺഗ്രസ് നേതാക്കൾ. ഇവിടത്തെ എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ, എട്ട് സീറ്റെങ്കിലും കിട്ടണമെന്ന കടുത്ത നിലപാടിലാണ് ശിവസേന.
അതേസമയം, 288 അംഗ നിയമസഭയിലെ 210 സീറ്റുകളിൽ മഹാവികാസ് അഘാഡി ധാരണയിലെത്തിയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് അറിയിച്ചു. മുംബൈയിലെയും നാസിക്കിലെയും സീറ്റുകളെച്ചൊല്ലി ഇരു പാർട്ടികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു.
മഹാ വികാസ് അഘാഡിയിൽ ശിവസേന (യുബിടി) വിള്ളൽ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനുമായ ശരദ് പവാർ സീറ്റ് വിഭജനത്തിൽ സമവായമുണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ നവംബർ 23 നും ഒറ്റ ഘട്ടമായി നടക്കും.