കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ ചാലക്കുടിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.പി. ഉദയഭാനു അറസ്റ്റിൽ. കീഴടങ്ങാൻ ഉദയഭാനു സന്നദ്ധത അറിയിച്ചപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണു സൂചന.
കേസിൽ ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നു വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം.
കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കേസുകളിൽ രാജീവിനുവേണ്ടി ഉദയഭാനുവാണു ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകർന്നതോടെ ഉദയഭാനു പകവീട്ടാൻ ചക്കര ജോണിയുമായി ചേർന്നെന്നു പ്രോസിക്യൂഷൻ വാദിക്കുന്നു.