കൊച്ചി: ചാലക്കുടി രാജീവ് വധവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ സി.പി. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്. തൃപ്പൂണിത്തുറ പള്ളിപ്പറന്പ്കാവ് ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലും കൊച്ചി മുല്ലശേരി കനാൽ റോഡിലുള്ള ഓഫീസിലുമാണ് ഇന്നു രാവിലെ പത്തരയ്ക്കുശേഷം അന്വേഷണസംഘം ഒരേ സമയം റെയ്ഡ് നടത്തിയത്. കൊല്ലപ്പെട്ട രാജീവും ഉദയഭാനവും തമ്മിലുള്ള ബന്ധത്തിന്റെയും ഭൂമിയിടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.
റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന വി.എ. രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്ന് പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഡ്വ. ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലീസ് ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.
കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. ഉദയഭാനുവിന്റെ ഹർജിയിൽ അറസ്റ്റ് തടഞ്ഞ് സിംഗിൾബെഞ്ച് നിർദേശം നേരത്തെ നൽകിയിരുന്നു. ഇതു കാരണം അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ലെന്നും വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
സെപ്റ്റംബർ 30 നാണ് രാജീവിനെ ചക്കരജോണിയടക്കമുള്ള പ്രതികൾ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഉദയഭാനുവിന് ഇതിൽ ബന്ധമുണ്ടെന്ന് കേസിന്റെ തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു.