കൊച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര് രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്കിയാല് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജോണി, രഞ്ജിത് എന്നിവരുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്.
അതേസമയം ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി
കഴിഞ്ഞ ദിവസം ഉദയഭാനുവിനു ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാൾ ജാമ്യവുമായിരുന്നു വ്യവസ്ഥ.
സെപ്റ്റംബർ 29നാണ് നെടുന്പാശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.