ഇരിങ്ങാലക്കുട: കോടതിമുറികളെ ലോ പോയന്റുകൾ കൊണ്ട് വിറപ്പിച്ച ക്രിമിനൽ അഭിഭാഷകൻ തടവുകാർക്കൊപ്പം ജയിലിൽ. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവാണ് ഇരിങ്ങാലക്കുട സബ്ജയിലിലെ തടവുകാർക്കൊപ്പം അവരിലൊരാളായി കഴിയുന്നത്.
ചാലക്കുടി രാജീവ് കൊലക്കേസിൽ ഉദയഭാനുവിനെ ഇന്നലെ രാത്രിയാണ് സബ് ജയിലിലെത്തിച്ചത്. രാത്രി ജയിലിലെത്തിയ ഉദയഭാനു ഭക്ഷണവും മരുന്നുകളും കഴിച്ചു. ജയിലിൽ യാതൊരു പ്രശ്നവും അദ്ദേഹം ഉണ്ടാക്കുന്നില്ലെന്നും മറ്റു സഹതടവുകാർക്കൊപ്പം അവരിലൊരാളായി കഴിയുകയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.ഇന്നുരാവിലെ പ്രഭാത ഭക്ഷണവും പതിവു മരുന്നുകളും കഴിച്ചു. സഹതടവുകാരുമായി നല്ല ബന്ധം ഇതിനകം തന്നെ സ്ഥാപിച്ചെടുത്തിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകീട്ട് മെഡിക്കൽ പരിശോധന കഴിഞ്ഞാണ് ഉദയഭാനുവിനെ കോടതിയിൽ ഹാജരാക്കിയത്. കോടതി സമയം കഴിഞ്ഞതിനാൽ മജിസ്ട്രേറ്റിന്റെ വീട്ടിലായിരുന്നു ഹാജരാക്കിയത്.
തുടർന്നാണ് റിമാൻഡു ചെയ്തത്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സഹോദരന്റെ വസതിയിൽ നിന്നാണ് ഉദയഭാനുവിനെ ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തത്.