കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന വിലയിരുത്തലുമായി ജില്ലാ നേതൃയോഗം.
നിയോജക മണ്ഡലം തിരിച്ചു നടത്തിയ അവലോകനത്തില്‍ കുന്നത്തുനാട്ടില്‍ ഉള്‍പ്പെടെ മികച്ച വിജയം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം താഴെത്തട്ടില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ പങ്കുവച്ചു.
ജില്ലയിലെ 14 നിയമസഭാമണ്ഡലങ്ങളില്‍ 12 സീറ്റും യുഡിഎഫ് പ്രതീക്ഷിക്കുന്നു. രണ്ടു സീറ്റുകളില്‍ മാത്രമാണ് ആശങ്കയുള്ളൂ.
അല്പം പിന്നോട്ടുനില്‍ക്കുന്ന കൊച്ചിയും വൈപ്പിനും രാഹുല്‍ ഗാന്ധിയുടെ പര്യടനം പ്രതിഫലിച്ചാല്‍ ജയിച്ചു കയറുമെന്നും പ്രതീക്ഷിക്കുന്നു.
വൈപ്പിനില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുണ്ട്. ഇതു സംബന്ധിച്ചു കെപിസിസിക്കു പരാതി നല്കാനുള്ളനീക്കമുണ്ട്.
മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രവണതയുണ്ടായിരുന്നുവെന്നാണ് യോഗത്തില്‍ ചില നേതാക്കള്‍ വെളിപ്പെടുത്തിയത്.
വൈപ്പിനില്‍ താഴെത്തട്ടില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ ശക്തമായ മത്സരമായിരുന്നുവെങ്കിലും പ്രവചനാതീതമാണെന്നാണ് വിലയിരുത്തല്‍.
ശക്തരായ രണ്ടുസ്ഥാനാര്ഥികളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നോ എന്ന സംശയം ചില മേഖലകളില്‍ നിന്നും ഉയര്‍ന്നതാണ് സംശയത്തിനു കാരണമായിരിക്കുന്നത്.
കുന്നത്തുനാട്ടില്‍ വി.പി. സജീന്ദ്രനു ജയിക്കാനുള്ള സാധ്യതയാണ് യോഗത്തില്‍ ചൂണ്ടികാട്ടിയത്. ട്വന്റി 20യ്ക്കു വി.പി. സജീന്ദ്രനോടു വിരോധമില്ലായിരുന്നു.
സിപിഎമ്മില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു പ്രശ്നമുണ്ടായിരുന്നതായി യുഡിഎഫ് വിലയിരുത്തുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തു ട്വന്റി-20, ബെന്നി ബെഹന്നാനോടു ശക്തമായ വിരോധം കാത്തു സൂക്ഷിച്ചു തോല്പിക്കാന് ശ്രമിച്ചിട്ടും യുഡിഎഫ് ജയിച്ചിരുന്നു.
കൂടാതെ ഇപ്രാവശ്യം സജീന്ദ്രനെതിരേ വിമര്ശനമില്ലായിരുന്നതും നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
കോതമംഗലം, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ സീറ്റുകള്‍ തിരിച്ചു പിടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ട്വന്റി-20യുടെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കിലും തൃക്കാക്കരയില്‍ പി.ടി. തോമസ് വിജയിക്കുമെന്നാണ് കണക്കൂകൂട്ടല്‍.
2011ല്‍ യുഡിഎഫിനു 11 സീറ്റായിരുന്നു. 2016ല്‍ അതു ഒമ്പതായി കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്രാവശ്യം 12 സീറ്റോ അതില്‍ കൂടുതല്‍ നേടുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.
സംസ്ഥാനത്ത് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്ന 80 സീറ്റുകളില്‍ 7 എണ്ണം എറണാകുളം ജില്ലയില്‍ നിന്നാണെന്ന് പറയുമ്പോള്‍ യാഥാര്‍ഥ്യബോധമില്ലാത്ത കണക്കെടുപ്പാണ് നടത്തിയതെന്ന് വ്യക്തമാണെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി കെ. ബാബു പറഞ്ഞു.
സര്‍വേ ഫലങ്ങള്‍ യുഡിഎഫിന് ഗുണം ചെയ്തെന്നും പോസ്റ്റല്‍ വോട്ടുകളില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദേഹം പറഞ്ഞു.
ജില്ലാ ചെയര്മാന് ഡോമിനിക് പ്രസന്റേഷന് അധ്യക്ഷനായി. ഹൈബി ഈഡന് എംപി പ്രസംഗിച്ചു. ഭരണവിരുദ്ധ വികാരത്തിന്റെ മുഴുവന്‍ ആനുകൂല്യവും യുഡിഎഫിന് ലഭിക്കുന്നതിന് ചില അരാഷ്ട്രീയ സംഘടനകള്‍ കാരണമായെന്ന് ഹൈബി പറഞ്ഞു.
മുന്‍ മന്ത്രി ടി.യു. കുരുവിള, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎല്‍എ, ഷിബു തെക്കുംപുറം, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന് ഘടകകക്ഷി നേതാക്കളായ അബ്ദുള്‍ മജീദ്, ജോര്‍ജ് സ്റ്റീഫന്‍, പി. രാജേഷ്, ഇ.എം. മൈക്കിള്‍, തമ്പി ചെള്ളാത്ത്, പ്രസാദ് തൊഴിയില്‍, വിന്‍സന്റ് ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.