കാക്കനാട്: ചന്പക്കര ഭാഗത്ത് ഉടുന്പിനെ വില്ക്കാൻ ശ്രമിക്കുന്നതിനിടെ ചന്പക്കര നെറുതുരുത്തിൽ തോമസ് ബിനു(40)നെ എസ്പിസിഎയും വന്യജീവി കുറ്റനിവാരണ വിഭാഗവും ചേർന്ന് പിടികൂടി. എസ്പിസിഎ ഇൻസ്പെക്ടർ ടി.എം. സജിത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബിനുവിന്റെ ചന്പക്കരയിലെ വീട്ടിലെത്തിയ സംഘം ഉടുന്പിനെ വാങ്ങാൻ വിലപറയുകയായിരുന്നു.
ഇരുപതിനായിരം രൂപ വില പറഞ്ഞുറപ്പിച്ച് തോമസ് ബിനുവിന്റെപക്കൽ ഉടുന്പ് ഉണ്ടെന്ന് ഉറപ്പു വരുത്തിയശേഷം സംഘം ബിനുവിനേയും ഉടുന്പിനേയും കസ്റ്റഡിയിലെടുത്തു. ഉടുന്പിനെ മരട് സ്വദേശിയിൽ നിന്നും വാങ്ങിയതായാണ് ബിനു പറയുന്നതെന്ന് ഇൻസ്പെക്ടർ സജിത്ത് പറഞ്ഞു. ഉടുന്പ് നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ജീവിയാണ്.
തോമസ് ബിനുവിനേയും ഉടുന്പിനേയും ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡിന് കൈമാറി. ഒരു മാസം മുന്പ് നെടുന്പാശേരിയിലെ ഒരു വീട്ടിൽനിന്ന് അധികൃതർ പാക്കിസ്ഥാൻ ദേശീയപക്ഷിയുടെ കൂട്ടത്തെ പിടികൂടിയിരുന്നു. എസ്പിസിഎ ഇൻസ്പെക്ടർ സജിത്ത്, വന്യജീവി കുറ്റനിവാരണ വിഭാഗം ഓഫീസർ വി.എസ്. സജീഷ്, ടി.എസ്. സുനി, ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ ജയ ചന്ദ്രൻ, എസ്പിസിഎ അസിസ്റ്റന്റ് കെ.ബി. ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.