വൈപ്പിൻ: ഉടുന്പ് സ്രാവ് എന്ന് വിളിപ്പേരുള്ള കൂറ്റൻ മത്സ്യം മത്സ്യബന്ധന ബോട്ടിന്റെ വലയിൽ കുടുങ്ങി. മുനന്പം മിനിഫിഷിംഗ് ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടിനാണ് സ്രാവ് ലഭിച്ചത്. ബുധനാഴ്ച രാത്രി ഹാർബറിൽ അടുത്ത ബോട്ടിൽനിന്നും വ്യാഴാഴ്ച രാവിലെയാണ് സ്രാവ് ഇറക്കിയത്. സ്രാവ് ഇറക്കിയതോടെ ഹാർബർ നിറയെ കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞു.
കറുത്ത ദേഹത്ത് നിറയെ വെളുത്ത പുള്ളികളുള്ള സ്രാവിനു ഏതാണ്ട് 1000 കിലോ തൂക്കവും 12 അടിയോളം നീളവും വരും. രണ്ട് വശങ്ങളിലും മുതുകിലും ചിറകുള്ള സ്രാവിന്റെ തല പരന്നതാണ്. വീതിയേറിയ വായാണ് മറ്റൊരു പ്രത്യേകത. കാര്യമായ വിലയില്ലാത്ത ഇത് 26000 രൂപക്കാണ് ലേലത്തിൽ പോയത്.