കുറവിലങ്ങാട്: പരുന്ത് റോയിയെന്ന നന്പുശേരി കോളനിയിൽ ജനാർദ്ദനനും സംഘവും പോലീസ് വലയിലായത് ഉടുന്പ് വിൽപ്പനയുടെ പേരിൽ നടത്തിയ വിലതർക്കത്തിൽ. റോയിയുടെ പക്കലെത്തി ഉടുന്പിന് വില പറഞ്ഞ് ഉറപ്പിച്ച സംഘത്തിലെ ഒരാളാണ് വിവരം പോലീസിന് കൈമാറി സംഘത്തെ കുരുക്കിയത്.
1500 രൂപയാണ് റോയി ഉടുന്പിന് ആവശ്യപ്പെട്ടത്. എന്നാൽ 1000 രൂപയ്ക്ക് നൽകണമെന്ന ആവശ്യം ഉടുന്പ് വാങ്ങാനെത്തിയവർ മുന്നോട്ടുവെച്ചു. ഒടുവിൽ ഉടുവിനെ കൊലപ്പെടുത്തി ശരിയാക്കി നൽകുന്നതിനുള്ള തുക ചേർത്ത് 1500 രൂപയ്ക്ക കരാർ ഉറപ്പിച്ച് മടങ്ങി.
മടക്കയാത്രയിൽതന്നെ ഉടുന്പിനെ കെട്ടിയിട്ടിരിക്കുന്നതായും അനധികൃതമായി സംഘം ചേരുന്നതായും ഇവർ പോലീസിനെ ധരിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ലഭിച്ച വിവരങ്ങൾ ശരിയാണെന്ന് കണ്ടെത്തി റോയിയേയും ഒപ്പമുണ്ടായിരുന്ന കാഞ്ഞിരംകുളം കോളനിയിൽ ജയനേയും അറസ്റ്റ് ചെയ്തു.
റോയി തന്പടിച്ചിരുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയ നാട്ടുകാരിൽ ചിലർ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ റോയിയുടെ സങ്കേതം തകർത്തു. ഉടുന്പുമായി ബന്ധപ്പെട്ട് പോലീസിന് വിവരം നൽകിയവർ അനധികൃതമായി പോലീസ് ബന്ധം പ്രയോജനപ്പെടുത്തുന്നവരാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.