തലശേരി: വര്‍ഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തിലെ തലവന്‍ ഉടുമ്പ് ജോണ്‍ തലശേരിയിലെത്തിയതായി സൂചന.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഉടുമ്പ് ജോണിന്റെ സാന്നിധ്യം തലശേരിയില്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. ജനുവരി 31 ന് അര്‍ധരാത്രി മെയിന്‍ റോഡിലെ വാധ്യാര്‍പീടിക സുജാതന്റെ ഉടമസ്ഥതയിലുള്ള എസ്.കെ സില്‍വര്‍ ജ്വല്ലറി തകര്‍ത്ത് വെള്ളി ആഭരണങ്ങള്‍ കവര്‍ന്നത് ഉടുമ്പ് ജോൺ ആണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ജ്വല്ലറിയുടെ മച്ച് തകര്‍ത്ത് അകത്ത് കടന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഉടുമ്പ് ജോണിന്റെ സാന്നിധ്യം തെളിഞ്ഞിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായിട്ടുള്ള ഉടുമ്പ് ജോണിന്റെ സംഘം ഏതാനും വര്‍ഷങ്ങളായി നിര്‍ജീവമായിരുന്നു.
കടകള്‍ കൊള്ളയടിക്കല്‍ പതിവാക്കിയിരുന്ന ഉടുമ്പ് ജോണും സംഘവും പോലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഏറെ സാഹസപ്പെട്ടാണ് പല ഘട്ടങ്ങളിലും ഉടുമ്പിനെയും സംഘത്തെയും കേരളത്തിലെ പോലീസ് പിടിച്ചിട്ടുള്ളത്. തമിഴ്നാട് സ്വദേശിയായ ഇയാള്‍ക്കെതിരെ കേരളത്തില്‍ നിരവധി കേസുകളാണുള്ളത്.