കാക്കനാട്: തൃക്കാക്കരയിലെങ്ങും ഇപ്പോള്‍ സംസാര വിഷയം ഒരു ഉടുമ്പാണ്. ആറടി നീളമുള്ള ഒരുഗ്രന്‍ ഉടുമ്പ്. തുണിക്കടയില്‍ അതിഥിയായെത്തിയ ഉടുമ്പിനെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കാക്കനാട് സുരഭി നഗറിലുള്ള വയലറ്റ് ഫാഷന്‍സ് എന്ന ടെക്സ്റ്റയില്‍സ് ഷോപ്പിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഉടുമ്പിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായതെന്ന് കടയുടമയായ എന്‍.ആര്. ഷാജി പറഞ്ഞു.
റോഡ് ക്രോസ് ചെയ്ത് കടയുടെ മുന്പിലെത്തിയ ഉടുമ്പ് കുറെനേരം കടയിലെ ഡമ്മികളിലേക്ക് മാറി മാറി നോക്കി. പിന്നീട് കടയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഗ്ലാസ് ഡോറില്‍ തട്ടി നിന്നു. ഗ്ലാസില്‍ പറ്റിപ്പിടിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ കൗതുകത്തോടെ ചുറ്റും കൂടിയതോടെ റോഡരികിലെ ഓടയിലേക്ക് ഇഴഞ്ഞ് മറയുകയായിരുന്നു.