ഉഡുപ്പി: ഒന്നരക്കോടി വില വരുന്ന തന്റെ കാറിലിടിച്ച ബൈക്ക് യാത്രക്കാരനോട് മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ മോശമായി പെരുമാറിയതായി പരാതി. “നിനക്ക് മരിക്കണമെങ്കിൽ വല്ല ബസിനും പോയി ഇടിച്ചുകൂടെ എന്തിന് എന്റെ കാറിൽ വന്നിടിക്കണം’ എന്നാണ് ബൈക്ക് യാത്രികനോട് ഭവാനി ചോദിച്ചത്.
തന്റെ വണ്ടിക്ക് 1.5 കോടി രൂപയുണ്ടെന്നും അവർ പലതവണ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഉഡുപ്പി സാലിഗ്രാമയിലാണ് അപകടം നടന്നത്. ടൊയോട്ട വെൽഫയർ കാറിലാണ് ഭവാനി സഞ്ചരിച്ചത്. ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ഭവാനി പറയുന്നത്. വീഡിയോ പ്രചരിച്ചതോടെ ഭവാനിയെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി.
ഭവാനിയുടെ ഭർത്താവ് എച്ച്.ഡി. രേവണ്ണ കർണാടക നിയമസഭയില്‍ എംഎൽഎയാണ്. മക്കളില്‍ ഒരാൾ എംപിയും ഒരാൾ കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവുമാണ്. ബന്ധുക്കളോ പാർട്ടി വൃത്തങ്ങളോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.