ഉഡുപ്പി: ഇന്നലെ മാല്‍പെ പൊലീസ് സ്റ്റേഷന് പരിധിയിലെ നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയേയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് സൂചന. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ വീട്ടിലെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കൊല്ലപ്പെട്ട ഹസീനയുമായോ ഭര്‍ത്താവ് നൂര്‍ മുഹമ്മദുമായോ ശത്രുതയുള്ള ആരെങ്കിലുമായിരിക്കണം കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന നെജ്ജാര്‍ തൃപ്തിനഗറിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാന്(23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ 8.30 നും ഒമ്പതിനും ഇടയിലായിരുന്നു സംഭവം. പിറകില്‍ നീളമുള്ള ബാഗും മുഖം മറയ്ക്കുന്ന മാസ്കും ധരിച്ചാണ് അക്രമി എത്തിയത്. ഓട്ടോറിക്ഷയിലാണ് ഇയാള്‍ സംഭവം നടന്ന വീട്ടിലെത്തിയത്. തൊട്ടടുത്ത പ്രദേശമായ സന്തേക്കാട് നിന്നാണ് ഇയാള്‍ ഓട്ടോറിക്ഷ പിടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടണ്ട്.
നേരെ വീട്ടിലേക്കു കയറിയ അക്രമി സ്വീകരണമുറിയിലുണ്ടായിരുന്ന ഹസീനയുമായി എന്തോ പറഞ്ഞതിന് തൊട്ടുപിന്നാലെ ആയുധമെടുത്ത് വെട്ടുകയായിരുന്നു. പിന്നാലെ മുറിയിലുണ്ടായിരുന്ന രണ്ടു പെണ്മക്കളെയും നൂര്‍മുഹമ്മദിന്റെ മാതാവിനെയും വെട്ടിവീഴ്ത്തി. പുറത്ത് കളിക്കുകയായിരുന്ന മകന് അസീം ഇവരുടെ നിലവിളി കേട്ടാണ് അകത്തേക്ക് ഓടിയെത്തിയതെന്നു പറയുന്നു. ഈ കുട്ടിയേയും വെട്ടിവീഴ്ത്തിയ ശേഷം അക്രമി പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു.
നൂര്‍ മുഹമ്മദിന്റെ മാതാവിന് ബോധം വീണാല്‍ മാത്രമേ ഒരുപക്ഷേ ഇയാള്‍ എന്താണ് പറഞ്ഞിരുന്നതെന്ന് വ്യക്തമാവുകയുള്ളൂ. നൂര്‍മുഹമ്മദിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇയാളെ മുന്‍കൂട്ടി അറിയാമായിരിക്കാമെന്നും സംശയമുണ്ട്. ഇയാളെ കണ്ട് പകച്ചുപോയ കുടുംബാംഗങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പേ ആയുധമെടുത്ത് എല്ലാവരേയും വെട്ടുകയായിരുന്നുവെന്നാണ് സൂചന. അക്രമിയുടെ ഏതാനും ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവികളിലും പതിഞ്ഞിട്ടുണ്ട്.
കൊല്ലപ്പെട്ട മൂത്ത മകള്‍ അഫ്നാന് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുകയായിരുന്നു. ഐനാന്‍ കോളജ് വിദ്യാര്‍ഥിനിയും അസീം എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായിരുന്നു.
ബംഗളൂരു ശൈലിയിലുള്ള കന്നഡയിലാണ് അക്രമി സംസാരിച്ചതെന്ന് ഇയാളെ കൊണ്ടുവന്ന് ഇറക്കിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസിന് മൊഴി നല്കി. ഇയാളെ നൂര്‍ മുഹമ്മദിന്റെ വീടിനു മുന്നില്‍ ഇറക്കി കഷ്ടിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇയാള്‍ സ്റ്റാൻഡില്‍ തന്നെ മടങ്ങിയെത്തുകയും ചെയ്തു.
ഇത്ര പെട്ടെന്ന് മടങ്ങാനായിരുന്നുവെങ്കില് താന്‍ കാത്തുനില്ക്കുമായിരുന്നു എന്ന് പറഞ്ഞതായും എന്നാല്‍ അത് ശ്രദ്ധിക്കാതെ അയാള്‍ തിടുക്കത്തില്‍ മറ്റൊരു ഓട്ടോയില്‍ കയറിപ്പോയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. അടുത്തുള്ള കരാവലി ബൈപാസിലാണ് അക്രമി ഇറങ്ങിയതെന്ന് രണ്ടാമത്തെ റിക്ഷ ഡ്രൈവര്‍ മൊഴി നല്കി. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ അറിയിച്ചു.