സൂറിച്ച്: 2023-24 സീസണ് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. തീക്കളിക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കട്ടയ്ക്കുകട്ട നിൽക്കുന്ന ടീമുകൾ തമ്മിൽ കൊന്പുകോർക്കുന്പോൾ കനൽ കത്തുമെന്നുറപ്പ്. ക്വാർട്ടറിലെ വന്പൻ പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ലാ ലിഗ കരുത്തരായ റയൽ മാഡ്രിഡും തമ്മിൽ അരങ്ങേറും.
റയൽ x മാഞ്ചസ്റ്റർ സിറ്റി
നിലവിലെ ചാന്പ്യന്മാരാണ് മാഞ്ചസ്റ്റർ സിറ്റി. 2022-23 സീസണ് സെമിയിൽ ഇരുടീമും തമ്മിൽ കൊന്പുകോർത്തിരുന്നു. റയലിൽ നടന്ന ആദ്യപാദം 1-1 സമനിലയിൽ കലാശിച്ചപ്പോൾ, മാഞ്ചസ്റ്ററിൽ നടന്ന രണ്ടാംപാദത്തിൽ സിറ്റി 4-0ന്റെ ആധിപത്യം പുലർത്തി. കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും ആദ്യപാദം റയലിൽ നടക്കും.
ചരിത്രത്തിൽ ഇരുടീമും തമ്മിൽ ഇതുവരെ 10 മത്സരങ്ങൾ നടന്നു. അതിൽ നാല് എണ്ണത്തിൽ സിറ്റി ജയിച്ചപ്പോൾ മൂന്ന് എണ്ണം റയൽ നേടി. മൂന്ന് മത്സരം സമനിലയിൽ കലാശിച്ചു. സിറ്റിക്കാർ 17 ഗോൾ നേടിയപ്പോൾ മാഡ്രിഡ് സംഘം 14 ഗോൾ അടിച്ചു. ചാന്പ്യൻസ് ലീഗ് റിക്കാർഡ് തവണ (14) സ്വന്തമാക്കിയ ടീമാണ് റയൽ മാഡ്രിഡ്.
പിഎസ്ജി x ബാഴ്സലോണ
ക്വാർട്ടറിലെ മറ്റൊരു ശ്രദ്ധേയ പോരാട്ടം സ്പാനിഷ് കരുത്തരായ ബാഴ്സലോണയും ഫ്രഞ്ച് ചാന്പ്യന്മാരായ പിഎസ്ജിയും തമ്മിലാണ്. 2019-20 സീസണിനുശേഷം ബാഴ്സലോണ ക്വാർട്ടറിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്.
യുവതാരങ്ങളുടെ സാന്നിധ്യമാണ് ബാഴ്സയുടെ കരുത്ത്. ഇരുടീമും തമ്മിൽ ഇതുവരെ 13 തവണ ഏറ്റുമുട്ടി. അതിൽ അഞ്ച് തവണ ബാഴ്സലോണ ജയിച്ചപ്പോൾ പിഎസ്ജി നാല് എണ്ണത്തിൽ വെന്നിക്കൊടി പാറിച്ചു. നാല് മത്സരം സമനിലയിൽ കലാശിച്ചു.
ആഴ്സണൽ x ബയേണ്‍
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോയിന്റ് ടേബിളിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലും ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് മറ്റൊരു തീക്കളി.
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആഴ്സണൽ ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചത്. മാർട്ടിൻ ഒഡെഗാർഡ്, ബുക്കായൊ സാക്ക, കായ് ഹവേർട്ട്സ് തുടങ്ങിയവരാണ് ആഴ്സണലിന്റെ കരുത്ത്. ഇംഗ്ലീഷ് ക്യാപ്റ്റനായ ഹാരി കെയ്നാണ് ബയേണിന്റെ ആക്രമണം നയിക്കുന്നതെന്നതാണ് ശ്രദ്ധേയം.
ആഴ്സണലും ബയേണും ഇതുവരെ 12 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് ജയം മാത്രമാണ് ഇംഗ്ലീഷ് ടീമിനുള്ളത്, ഏഴ് ജയം ബയേണ്‍ സ്വന്തമാക്കി. രണ്ട് മത്സരം സമനിലയിൽ കലാശിച്ചു.
അത്ലറ്റിക്കോ x ഡോർട്ട്മുണ്ട്
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലാണ് മറ്റൊരു ക്വാർട്ടർ. തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാമെങ്കിലും അത്ലറ്റിക്കോയ്ക്കാണ് അല്പം മുൻതൂക്കം.
ചരിത്രത്തിൽ ഇതുവരെ ഇരുടീമും ആറ് തണവ കൊന്പുകോർത്തു. മൂന്ന് ജയം ഡോർട്ട്മുണ്ട് നേടിയപ്പോൾ രണ്ട് എണ്ണത്തിൽ അത്ലറ്റിക്കോയും വെന്നിക്കൊടി പാറിച്ചു. ഒരു മത്സരം സമനിലയിൽ കലാശിച്ചു.