1947 ജൂലൈ എട്ടിന് ന്യൂമെക്‌സിക്കോയ്ക്കടുത്ത് റോസ്വെല്‍ നഗരത്തില്‍ വിജനമായൊരിടത്ത് ഒരു സംഭവം നടന്നു. ആകാശത്തു നിന്നൊരു അജ്ഞാതവസ്തു പൊട്ടിത്തകര്‍ന്നു വീണു. എന്നാല്‍ സംഭവം നടന്ന് ഞൊടിയിടയ്ക്കുള്ളില്‍ പോലീസും സൈന്യവും ഒരീച്ചപോലും കടക്കാത്ത വിധത്തില്‍ അവിടം പൊതിഞ്ഞു. സംഭവത്തിനു പുറകെ സൈന്യത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഒരു വാര്‍ത്താക്കുറിപ്പിറക്കി ‘റോസ്വെല്ലിനടുത്ത് ഒരു വിജനപ്രദേശത്തു നിന്ന് പറക്കുംതളിക കണ്ടെത്തി’ എന്നതായിരുന്നു അത്. വാര്‍ത്ത ലോകം മുഴുവന്‍ പരന്നെങ്കിലും ഒറ്റ ദിവസം കൊണ്ട് ആ വാര്‍ത്ത തെറ്റാണെന്ന് സ്ഥാപിക്കപ്പെട്ടു. പിറ്റേന്നു രാവിലെ കമാന്‍ഡര്‍ ജനറല്‍ റോജര്‍ റാമി ഒരു വാര്‍ത്താസമ്മേളനം വിളിച്ചു: ‘കണ്ടെത്തിയത് പറക്കുംതളികയല്ല, കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിച്ച ബലൂണാണ്…’ തെളിവായി ബലൂണിന്റെ ഭാഗങ്ങളായ അലൂമിനിയം ഫോയിലുകളും റബ്ബര്‍ കഷ്ണങ്ങളുമെല്ലാം അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
എന്നാല്‍ ബഹുഭൂരിപക്ഷം ആളുകളും അത് വിശ്വസിക്കാന്‍ തയാറായില്ല. പക്ഷേ അത് പറക്കുംതളിക തന്നെയായിരുന്നുവെന്നും, അതില്‍ നിന്നു ലഭിച്ച അന്യഗ്രഹജീവികളുടെ മൃതശരീരം രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നും കഥകളും പരന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മറ്റൊരു സംഭവമുണ്ടായി. വായിരുന്നു അത്. യുഎഫ്ഒ ഗവേഷകനായ ഡിയാന ഷോര്‍ട്ടിന്റെ ‘UFOs TODAY – 70 Years of Lies, Misinformation and Government Cover-Up’ എന്ന പുസ്തകത്തില്‍, റോസ്വെല്‍ സംഭവമുണ്ടായ സമയത്ത് ഡെപ്യൂട്ടി ഷെറിഫ് ആയിരുന്ന, ചാള്‍സ് ഫോഗസിന്റെ ഇന്റര്‍വ്യൂവിലായിരുന്നു പുതിയ വിവരങ്ങള്‍. പുസ്തകത്തില്‍ ഫോഗസ് പറയുന്നതിങ്ങനെ: ‘വിമാനം തകര്‍ന്നുവീണെന്നായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ അറിയിപ്പ്. ഷെറിഫായ ജെസ് സ്ലോട്ടറിനൊപ്പമാണ് ഞാന്‍ സ്ഥലത്തെത്തുന്നത്. പ്രദേശത്ത് ഏകദേശം 300400 സൈനികരുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരെ സ്ട്രച്ചറില്‍ കൊണ്ടു പോകുന്നു. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് ഏകദേശം 100 അടി വീതിയുള്ള പറക്കുംതളികയ്ക്കു സമാനമായ പേടകമാണ് തകര്‍ന്നു വീണിരിക്കുന്നത്. അതില്‍ നിന്നു തെറിച്ചു വീണ ‘ജീവികളെ’യാണ് സൈനികര്‍ കൊണ്ടുപോകുന്നത്.
ഏകദേശം അഞ്ചടിയോളം ഉയരമുണ്ടായിരുന്നു അവയ്ക്ക്. കാലുകള്‍ മനുഷ്യന്റേതിനു സമാനമായിരുന്നു. ഏറെനേരം വെയിലേറ്റെന്നു തോന്നിപ്പിക്കും വിധം തവിട്ടു നിറമായിരുന്നു ശരീരത്തിന്. തല മൂടിയിരുന്നെങ്കിലും ഞാന്‍ അതു കാണാനും ശ്രമം നടത്തി. അവയുടെ തലയും കണ്ണുകളുമെല്ലാം സിനിമയിലും പുസ്തകങ്ങളിലുമെല്ലാം നാം കണ്ടിട്ടുള്ള അന്യഗ്രഹജീവികളെപ്പോലെത്തന്നെയായിരുന്നു…’. പുസ്തകത്തിലെ ഈ വിവരങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിക്കിലീക്‌സ് വഴി ചോര്‍ന്ന രണ്ട് ഇമെയിലുകളിലും റോസ്വെല്‍ സംഭവത്തെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നു. 1947ല്‍ തകര്‍ന്നുവീണ യുഎഫ്ഒയെ മാറ്റിയത് ഒഹായോക്കടുത്തുള്ള റൈറ്റ് പാറ്റേഴ്‌സന്‍ എയര്‍ഫോഴ്‌സ് ബേസിലെ ലബോറട്ടറിയിലേക്കായിരുന്നുവെന്നായിരുന്നു വിവരം. സംഭവം നടന്നിട്ട് 80 വര്‍ഷം കഴിഞ്ഞിട്ടും റോസ്വെല്‍ നഗരത്തില്‍ അന്ന് നടന്ന ആ സംഭവങ്ങള്‍ ഇന്നും ആളുകള്‍ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്.