കെഎസ്ആര്‍ടിസിയെ ഉപയോഗിച്ച് വിപ്ലവം സൃഷ്ടിക്കുമെന്നും പ്രസ്ഥാനത്തെ രാജകീയ പ്രൗഢിയിലേയ്ക്കുയര്ത്തുമെന്നും എംഡിയായി സ്ഥാനമേറ്റെടുത്ത അന്നു മുതല്‍ ടോമിന് തച്ചങ്കരി പറയുന്നുണ്ട്.
ഒന്നാം തിയതി തന്നെ ശമ്പളം നല്കിയതും ജീവനക്കാരുടെയിടയില്‍ അഴിച്ചുപണി നടത്തിയതുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നു. ഇപ്പോഴിതാ കെഎസ്ആര്‍ടിസിയെ രക്ഷപെടുത്താന്‍ പുതിയൊരു നീക്കവുമായി ടോമിന് തച്ചങ്കരി എത്തിയിരിക്കുന്നു.
ബസുകള്‍ കാന്റീനുകളാക്കുന്നു എന്നതാണത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും ഡിപ്പോകളിലും ടെര്‍മിനലുകളിലും പഴയ ബസുകളില്‍ കാന്റീന് ഉണ്ടാക്കാനാണ് തച്ചങ്കരിയുടെ നേതൃത്വത്തില്‍ കോര്പറേഷന് പദ്ധതി ഒരുക്കുന്നത്.
കുടുംബശ്രീയുമായി സഹകരിച്ചാണ് ബസുകളില്‍ കാന്റീന് സൗകര്യം ഒരുക്കുന്നത്. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം കുടുംബശ്രീയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം പദ്ധതി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു കഴിഞ്ഞു.