ബിജു കുര്യന്
തിരുവല്ല: നിലപാടുകളിലെ വിശാലതയും അതിലേറെ ദൃഢതയുമാണ് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെ വ്യത്യസ്തനാക്കിയത്.
സഭാ ഐക്യം, സാമൂഹികമായ ബന്ധങ്ങള്‍, പ്രകൃതിയോടുള്ള കരുതല്‍, സംസ്കാരത്തോടുള്ള സ്നേഹം ഇവയെല്ലാം മുറുകെപിടിച്ചുള്ളതായിരുന്നു ആ ജീവിതം.
സ്വീകരിക്കാവുന്നവയെ ഉള്‍ക്കൊള്ളുകയും സ്വീകരിക്കാനാകാത്തവയെ ബഹുമാനിക്കുകയുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി.
സമൂഹത്തില്‍ ചിന്നിച്ചിതറിയവരും ആരോരുമില്ലാത്തവരെയും ഒറ്റപ്പെട്ടവരെയും ഒക്കെ ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
കാഴ്ചയില്‍ കര്‍ക്കശക്കാരനെന്നു തോന്നുമെങ്കിലും ഇടപെടലില്‍ സൗമ്യനും ആര്‍ദ്രത നിറഞ്ഞ മനസുമായിരുന്നു ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടേത്. അദ്ദേഹത്തിന്റെ കരുതലിലും സ്നേഹത്തിലും വളര്‍ന്നുവന്നവര്‍ നിരവധിയാണ്.
വിശാലമായ എക്യൂമെനിസത്തിന്റെ വക്താവായിരുന്നു അദ്ദേഹം. വൈദികനായിരിക്കുമ്പോള്‍ തന്നെ ലോകമെമ്പാടുമുള്ള സഭാസമൂഹങ്ങളെക്കുറിച്ച് പഠിക്കാനും അവരുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും മനസിലാക്കാനും അദ്ദേഹം ശ്രമിച്ചു.
നവീകരണ പാരമ്പര്യത്തിലെ കുടുംബ പശ്ചാത്തലം, പമ്പാതീരത്തെ ഗ്രാമീണമായ ൃ അന്തരീക്ഷം, ജീവിതരൂപാന്തരത്തിന് ഏറെ സഹായിച്ചുവെന്ന് സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് എത്തുന്നതോടനുബന്ധിച്ച് 2007ല്‍ ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വ്യക്തമാക്കുകയുണ്ടായി.
ഇതര മത നേതാക്കളുമായും സഭകളുമായും ഊഷ്മള ബന്ധം കാത്തു സൂക്ഷിച്ചു. മെത്രാപ്പോലീത്തയുടെ രാഷ്ട്രീയം സ്നേഹമായിരുന്നു. ആരെയും അടുത്തിരുത്തി സംസാരിക്കാനുള്ള വിശാലമസ്കത. എന്നാല്‍ അതോടൊപ്പം ഓരോ വിഷയങ്ങളിലും കൃത്യമായ നിലപാട്.
മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വാക്കുകള്‍ക്ക് കേരള സമൂഹം വിലകല്പിച്ചതും അതുകൊണ്ടാണ്്. തര്‍ക്കവേദികളില്‍ അദ്ദേഹം മധ്യസ്ഥനായി.
മാരാമണ്‍ കണ്വന്ഷന് നഗറിലെ കല്‍ക്കെട്ട് പ്രശ്നം വഷളാകാതെ രമ്യമായി പരിഹരിക്കാനും നാടിന്റെ മതേതര മുഖത്തിന് പോറലേല്‍ക്കരുതെന്ന് ആഗ്രഹിച്ച് അദ്ദേഹം രംഗത്തിറങ്ങിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു.
വിവാദങ്ങളെ വന്ചുഴികളിലേക്ക് തള്ളിവിടാതെ തന്മയത്വത്തോടെ നേരിടാനും കാത്തിരിപ്പ് കൂടാതെ തന്നെ തീരുമാനങ്ങള്‍ അറിയിക്കുന്നതിലും ജോസഫ് മാര്‍ത്തോമ്മായ്ക്ക് പ്രത്യേകമായ കഴിവു തന്നെയുണ്ടായിരുന്നു.
ആദരാഞ്ജലി അര്‍പ്പിച്ച് വലിയ മെത്രാപ്പോലീത്തയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും
തിരുവല്ല: കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 103 ാം വയസിലും ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത എത്തി.
കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ കഴിയുന്ന വലിയ മെത്രാപ്പോലീത്ത ഇന്നു രാവിലെ 9.45 ഓടെയാണ് തിരുവല്ല ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തിലെത്തിയത്. വീല്‍ ചെയറില്‍ ഇരുന്ന് അദ്ദേഹം ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിനു മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് പ്രാര്‍ഥിച്ചു.
സഭാ നേതൃത്വത്തില്‍ ദീര്‍ഘകാലം ഒന്നിച്ചു പ്രവര്‍ത്തിച്ച ജോസഫ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കണമെന്ന ആഗ്രഹം ഇന്നലെതന്നെ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രകടിപ്പിച്ചിരുന്നു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നുരാവിലെ തിരുവല്ലയിലെത്തി ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ലോകസഭാ നേതൃത്വത്തില്‍ ദീര്‍ഘകാലം മാര്‍ഗദര്‍ശനം നല്കിയ വ്യക്തിത്വമാണ് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടേതെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയിലും ആദരാഞ്ജലി അര്‍പ്പിച്ചു.