തിരുവനന്തപുരം: തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ലത്തീൻ അതിരൂപത വികാരി ജനറാൾ ഫാ.യൂജിൻ.എച്ച്.പെരേര.
സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതിയെന്നും ദുഃഖത്തിൽ ഇരിക്കുന്നവർ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും ഫാ.യൂജിൻ പെരേര പറഞ്ഞു. താൻ ഷോ കാണിക്കാൻ പോയതല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് ഒരാൾ മരിച്ച മുതലപ്പൊഴിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ സന്ദർശനം നടത്തിയിരുന്നു. ഇവരെ നാട്ടുകാർ തടഞ്ഞു.
മന്ത്രിമാരെ തടയാൻ നിർദേശിച്ചത് ഫാ. യൂജിൻ പെരേരയാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചിരുന്നു. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണു ഫാ.യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തെളിയിക്കട്ടെ. ഭരണത്തിലിരിക്കുന്ന മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കണം.
ഈ വര്‍ഷം പത്താമത്തെ അപകടമാണ് നടന്നത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണം. പൗരന്മാരുടെ അവകാശങ്ങളും ന്യായമായ സംഭാഷണങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത്. എന്നാല്‍ ഇന്ന് ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നതെന്നും ഫാ.യൂജിൻ പെരേര പറഞ്ഞു.