ബിപിഎല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി ആരംഭിച്ച ഉജ്ജ്വല പദ്ധതിയ്ക്കുവേണ്ടി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകള്‍ ബീഹാറിലെ ബിജെപി നേതാവ് മറിച്ചു വില്‍ക്കുന്നതായി റിപ്പോര്‍ട്ട്.
ആരോപണത്തിനു പിന്നാലെ ബി.ജെ.പി നേതാവ് സന്തോഷ് കുമാറിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 37 എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 1600 രൂപ വിലയുള്ള എല്‍.പി.ജി കണക്ഷന്‍ സൗജന്യമായി നല്‍കുന്നതാണ് ഉജ്ജ്വല യോജന പദ്ധതി.
സ്ത്രീകളെ അടുപ്പിലെ പുകയില്‍ നിന്നും രക്ഷിക്കുകയെന്ന പ്രഖ്യാപനത്തോടെയായിരുന്നു മോദി സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നത്. സന്തോഷ് കുമാര്‍ എല്‍.പി.ജി സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണവുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് എസ്.ഡി.ഒ അഷിഷ് നാരായണന്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
സിലിണ്ടറുകള്‍ സ്റ്റോക്കില്ലയെന്നാണ് ഇവര്‍ ആളുകളോട് പറഞ്ഞിരുന്നത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി എത്തിച്ച സിലിണ്ടറുകള്‍ ബി.ജെ.പി നേതാക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയായിരുന്നു. കൂടാതെ സിലിണ്ടറുകള്‍ക്ക് പാവപ്പെട്ടവരില്‍ നിന്നും പണം ഈടാക്കിയെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ഓഫീസര്‍ പറയുന്നു.
എന്നാല്‍ ഗ്യാസ് ഏജന്‍സി ഇടപാടുകാരന്‍ സിലിണ്ടറുകള്‍ ഒരുദിവസത്തേക്ക് വീട്ടില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് വീട്ടില്‍ സൂക്ഷിച്ചതെന്നാണ് ബി.ജെ.പി നേതാവിന്റെ വാദം.