കൊറോണയില്‍ വലയുന്ന ലോകത്തിന് ആശ്വാസം പകര്‍ന്ന് ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്ത. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം.
അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വാക്സിന് ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജര്‍മ്മന്‍ കമ്പനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ഡിസംബറില്‍ വിതരണത്തിന് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇത് സ്ഥിരീകരിക്കുന്നതാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാക്സിന് അംഗീകാരം നല്കി എന്ന റിപ്പോര്‍ട്ട്. മൂന്നാം ഘട്ട വാക്സിന് പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.
ആഴചകള്‍ക്ക്് മുന്‍പാണ് അവസാനഘട്ട പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരിലും ഇത് പ്രതീക്ഷ നല്കുന്ന ഫലമാണ് പ്രകടമാക്കിയതെന്ന് ഫൈസര്‍ അവകാശപ്പെട്ടു. മൂന്നാം ഘട്ടത്തില്‍ 43000 പേരിലാണ് വാക്സിന് പരീക്ഷണം നടത്തിയത്.
ഈ വര്‍ഷം തന്നെ അഞ്ചു കോടി വാക്സിന് ലഭ്യമാക്കാനാകുമെന്നാണ് ഫൈസര്‍ പറയുന്നത്. 2021ല്‍ 130 കോടി വാക്സിന് നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു. എന്തായാലും പുതിയ വിവരം ലോകത്തിനാകെ പ്രതീക്ഷ പകരുകയാണ്.