ന്യൂഡൽഹി: ഇന്ത്യയിലും ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ആറു പേർക്കാണു നിലവിൽ രോഗം സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവർ ആറു പേരും ബ്രിട്ടനിൽനിന്ന് എത്തിയവരാണ്.
അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള കോവിഡ് വൈറസാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ബംഗളുരു നിംഹാൻസിലും രണ്ടു പേർ ഹൈദരാബാദ് സിസിഎംബിയിലും ഒരാൾ പൂന എൻഐവിയിലുമാണ് ചികിത്സയിലുള്ളത്.
അതിവേഗം പടരുന്ന സാർസ് കോവ്-2 ഉപ ഗ്രൂപ്പ് വൈറസാണ് ബ്രിട്ടനിൽ അടുത്തിടെ കണ്ടെത്തിയത്. കഴിഞ്ഞ നാലാഴ്ചകൊണ്ട് ഇത് ബ്രിട്ടന്റെ പലഭാഗങ്ങളിലും പടർന്നു.
മിക്ക കേസുകളും ഈ ഉപ ഗ്രൂപ്പിൽപ്പെട്ടതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്ു ശ്രദ്ധിക്കപ്പെട്ടത്. വേഗം പടർന്നുപിടിക്കുന്നതാണ് ഈ ഗ്രൂപ്പ് എന്ന് സംശയിക്കാൻ കാരണമിതാണ്.
ജനിതകക്രമം പഠിച്ചപ്പോൾ കണ്ടത് സ്പൈക്ക്പ്രോട്ടീനിൽ ആറ് വ്യത്യസ്ഥ മ്യൂട്ടേഷൻ ഉണ്ടെന്നതാണ്. ഇത്രയേറെ മ്യൂട്ടേഷനുകൾ ഒന്നിച്ച് ഈ പ്രോട്ടീനിൽ ഇതുവരെ മറ്റൊരു ഗ്രൂപ്പിലും കണ്ടെത്തിയിട്ടില്ല.
മനുഷ്യകോശങ്ങളിൽ എളുപ്പത്തിൽ കയറിപ്പറ്റാനും വേഗത്തിൽ പടരാനും ഇതുവഴി വൈറസിനു കഴിയുമോ എന്നതാണ് ശാസ്ത്രജ്ഞർ ഉറ്റുനോക്കുന്നത്.