ലണ്ടൻ: യുകെ ആരോഗ്യമേഖലയിൽ ഇന്ത്യൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വർധിച്ചതായി കണക്കുകൾ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷൻ ഒബ്സർവേറ്ററി തയറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽനിന്നുള്ളവരാണ് ഈ മേഖലയിൽ കൂടുതലായി സേവനമനുഷ്ഠിക്കുന്നതെന്നു വ്യക്തമാക്കുന്നു.
2022ൽ വൈദഗ്ധ്യമുള്ള തൊഴിൽ വിസകളിൽ എത്തിയതിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽനിന്നുള്ളവരാണ്.
ഒരു ശതമാനം മാത്രമാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവരെന്നും പഠനം വെളിപ്പെടുത്തുന്നു. 2022-2023 വർഷത്തിൽ വിദേശത്തുനിന്ന് ആരോഗ്യമേഖലയിൽ തൊഴിലെടുക്കാൻ എത്തിയവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനയാണ് ഉണ്ടായിട്ടുള്ളത്.
പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ ഡോക്ടർമാരിൽ 20 ശതമാനവും ഇന്ത്യയിൽനിന്നുള്ളവരാണ്. നഴ്സുമാരുടെ കണക്കിൽ ഇത് 46 ശതമാനം വരും. നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നാലെയുള്ളത്.
ആരോഗ്യമേഖലയിലെ ഒഴിവുകൾ 2022 ജൂലൈയിലും സെപ്റ്റംബറിലും 2,17,000 ആയി ഉയർന്നു. 2023 മാർച്ചിൽ 57,700 പേർക്ക് വിസ ലഭിച്ചു. 2022ൽ യുകെയിലേക്കു മൊത്തത്തിലുള്ള കുടിയേറ്റം 6,06,000 ആയിരുന്നു. ഇതു മുൻ വർഷത്തേക്കാൾ 24 ശതമാനമായി വർധിച്ചു.