വൈക്കം: യുകെ കെറ്ററിങ്ങില്‍ മലയാളി നഴ്സും രണ്ടുമക്കളും അരുംകൊല ചെയ്യപ്പെട്ട വാർത്ത വൈക്കം നിവാസികളെ നടുക്കി.
വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അശോകന്റെ മകൾ യുകെ കെറ്ററിങ്ങില്‍ താമസിച്ചിരുന്ന നഴ്സ് അഞ്ജു (40), മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവർ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം ഇന്നലെ രാവിലെ അറിഞ്ഞതുമുതൽ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് അറയ്ക്കൽ വീട്ടിലേക്ക് പ്രവഹിച്ചത്.
അഞ്ജുവിന്റെ പിതാവ് കെട്ടിടനിർമാണ തൊഴിലാളിയായ അശോകൻ രാവിലെ പണിക്ക് പോയിരിക്കുകയായിരുന്നു. പണിസ്ഥലത്തു നിൽക്കുമ്പോൾ ഒൻപതോടെയാണ് മകളും പേരക്കുട്ടികളും കൊല ചെയ്യപ്പെട്ട വിവരം അശോകൻ അറിഞ്ഞത്.
ഭാര്യ കാഞ്ചന ഏതാനും വർഷം മുമ്പാണ് മരിച്ചത്. ഭാര്യ പോയതോടെ അശോകന്റെ ലോകം അഞ്ജു, അനുജത്തി അശ്വതി, അവരുടെ മക്കൾ എന്നിവരിലേക്ക് ചുരുങ്ങിയിരുന്നു.
മകൾ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീഡിയോ കോൾ ചെയ്തതും പേരക്കുട്ടികൾ സ്കൂളിൽ പോയി തിരിച്ചു വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വീട്ടിലെത്തുന്നവരെ കാട്ടി അശോകൻ കണ്ണീർ വാർത്തത് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
സഹോദരി അശ്വതിയും ഭർത്താവും കുട്ടികളും ഇത്തിപ്പുഴയിലെ വീട്ടിലാണ് താമസിക്കുന്നത്. പതിവായി ഫോണിൽ വിളിച്ച് വിശേഷങ്ങൾ ചോദിച്ചിരുന്ന സഹോദരിയും മക്കളും ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ അലമുറയിട്ട അശ്വതിയെ ഉറ്റവർക്കും അയൽവാസികൾക്കും ആശ്വസിപ്പിക്കാനായില്ല.
അഞ്ജുവിന്റെ ദേഹത്ത് കുത്തേറ്റ എട്ട് മുറിവുകളുണ്ടായിരുന്നു. മക്കളിരുവരുടെയും കഴുത്തിനായിരുന്നു വെട്ടേറ്റത്. പൊടുന്നനെ അക്രമാസക്തനാകുമായിരുന്നെങ്കിലും സാജു ഭാര്യയെയും മക്കളെയും കൊല ചെയ്യുമെന്ന് തങ്ങളാരും സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് അശോകൻ പറയുന്നു.
ദുബായിൽ എട്ട് വർഷം ജോലി ചെയ്ത അഞ്ജു കുടുംബസമേതം യുകെയിൽ എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു. കഴിഞ്ഞ വർഷം അഞ്ജു ഇത്തിപ്പുഴയിലെ വീട്ടിൽ മക്കളുമായി എത്തിയിരുന്നു.
ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും വിവാഹമോചനം വേണമെന്ന് അഞ്ജു ഒരു ഘട്ടത്തിൽ പറഞ്ഞതായി അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.
അഞ്ജു ഇത്തിപ്പുഴയിലെ വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് പോലും സാജു അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.