2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്നു പിന്‍വലിക്കാന്‍ ബ്രിട്ടന്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
എന്നാല്‍ മറ്റൊരു കാര്യം എന്തെന്നു വച്ചാല്‍ ഇന്ധനത്തിനൊപ്പം ഇലക്ട്രിക് കരുത്തും ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് 2030-ലെ നിരോധനം ബാധകമായേക്കില്ലെന്നതാണ്.
ഇത്തരം വാഹനം 2035 വരെ വില്‍ക്കാന്‍ അനുവദിക്കും. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന ഒറ്റയടിയ്ക്ക് നിരോധിക്കുന്നത് ബ്രിട്ടന്റെ വാഹന വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍.
ബ്രിട്ടനിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്.
കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളും സമാനമായ പാതയിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.