കുടിയേറ്റ നയം കടുപ്പിച്ച് ഋഷി സുനക്. ഇതുപ്രകാരം ബ്രിട്ടനിലേക്ക് അനധികൃതമായി ഇനി കുടിയേറുന്നവരെ കാത്തിരിക്കുന്നത് ജയില്‍ശിക്ഷയും റുവാണ്ടയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തലുമാണ്.
അനധികൃതമായി യുകെയിലെത്തുന്നവരെ തടങ്കലിലാക്കിയ ശേഷം അവരെ ആഴ്ചകള്‍ക്കകം സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും.
അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് നയം വ്യക്തമാക്കി സുനക് ട്വീറ്റ് ചെയ്തു.
‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ എന്നുപേരിട്ടിരിക്കുന്ന കരട് നിയമം, ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്.
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്.
അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇങ്ങനെയെത്തുന്നവരെ ഡീപോര്‍ട്ട് ചെയ്യാനുള്ള നീക്കങ്ങള്‍ യുകെ ആരംഭിച്ചിരുന്നു. റുവാണ്ടയിലേക്കു ചില അഭയാര്‍ഥികളെ മാറ്റുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സിന്റെ ഇന്ജക്ഷന് വന്നതോടെ റുവാണ്ടയിലേക്ക് കയറ്റിവിടുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.