തലശേരി: മകനെ വിളിച്ചിറക്കി കൊണ്ടു പോയത് സിപിഎമ്മുകാര്‍, പിന്നെ കണ്ടത് മകന്റെ മൃതദേഹമെന്ന് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ന്യൂ മാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിന്റെ (30) പിതാവ് യൂസഫ്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സലീമിന്റെ പിതാവ് യൂസഫ് നല്കിയ ഹർജിയില്‍ ഹൈക്കോടതിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. മൂന്ന് പേരുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും കൊല്ലപ്പെടുന്നതിനു മുമ്പ് സലീമിനെ സിപിഎമ്മുകാരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയതെന്നും പിന്നീട് മകന്റെ മൃതദേഹമാണ് കാണുന്നതെന്നും പിതാവ് ഹൈക്കോടതിയിൽ പറഞ്ഞു.
ഏറെ ദുരൂഹതകളുള്ള ഈ കേസില്‍ യഥാർഥ പ്രതികളെ പിടികൂടാന്‍ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് യൂസഫ് അഡ്വ.രാംകുമാര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ പറഞ്ഞിട്ടുളളത്. മകന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയിരുന്നുവെന്നും ഇതിന്റെ ഉറവിടം മനസിലാക്കുന്നതിന് സലീമിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യൂസഫ് ഹർജിയിൽ പറഞ്ഞു.സലീം വധക്കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ അഡ്വ. ശാസ്തമംഗലം അജിത്ത് ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഇന്നാരംഭിക്കും. എന്നാല്‍ സിബിഐ അന്വേഷണമാരംഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിചാരണ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് സലീമിന്റെ പിതാവ് വിചാരണ കോടതിയില്‍ ഹർജി നല്കി.
സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയില്‍ നിലനില്‍ക്കെ കേസ് അട്ടിമറിക്കാനാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി തലശേരിയിലെ അഡ്വ.കെ. വിശ്വനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതെന്നും വിശ്വനെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യൂസഫ് നല്കിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഈ ഹർജിയിന്മേലും വാദം പൂര്‍ത്തിയായിരുന്നു. ഇതിനിടയില്‍ കേസിലെ ഒന്നാം സാക്ഷി നഫ്നാസിനെ കിടാരംകുന്നിലെ വീട്ടില്‍ കയറി എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി നഫ്നാസ് ന്യൂമാഹി പോലീസില്‍ പരാതി നല്കി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണ മാരംഭിച്ചു.
2008 ജൂലൈ 23 ന് രാത്രി 8.30 നാണ് ഹുസ്സന്‍മൊട്ട ബസ് ഷെല്‍ട്ടറിനു സമീപം വെച്ച് സലീം കൊല്ലപ്പെട്ടത്. പോസ്റ്റര്‍ പതിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സലീമിനെ കുത്തികൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
39 സാക്ഷികളാണ് ഈ കേസിലുള്ളത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ സി.കെ ലത്തീഫ്, കെ.വി ലത്തീഫ്, പി.പി അബ്ദുള്ള, സക്കീര്‍ ഹുസൈന്, മുഹമ്മദ് ഇശാം, പി.നാസര്‍, ഷാബില്‍ എന്നിവരാണ് പ്രതികള്‍. എട്ടാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണുള്ളത്.