തലശേരി: സിപിഎം പ്രവര്ത്തകന് ന്യൂ മാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിനെ(30) കുത്തി കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ കൊല്ലപ്പെട്ട സലീമിന്റെ പിതാവ് യൂസഫ് ഡിവിഷന് ബഞ്ചില്‍ ഹർജി നല്കി. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നുമുളള യൂസഫ് നല്കി ഹർജി ജസ്റ്റിസ് പിഷാരടി കഴിഞ്ഞ മാസം 17 ന് തള്ളിയിരുന്നു.
ഈ ഉത്തരവിനെതിരേയാണ് അഡ്വ.രാംകുമാര്‍ മഖാന്തിരം ഹൈക്കോടതി ഡിവിഷന് ബഞ്ചില്ഹർജി ഫയല്‍ ചെയ്തത്.കേസ് ഇന്നലെ കോടതി പരിഗണിക്കുകയും മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തു.തലശേരിയിലെ പ്രമുഖ അഭിഭാഷകന് അഡ്വ.കെ.വിശ്വനെയാണ് സര്‍ക്കാര്‍ സലീം കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുള്ളത്.വിശ്വനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സലീമിന്റെ പിതാവ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മൂന്ന് പേരുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും കൊല്ലപ്പെടുന്നതിനു മുമ്പ് സലീമിനെ സിപിമ്മുകാരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയതെന്നും പിന്നീട് മകന്റെ മൃതദേഹമാണ് കാണുന്നതെന്നും മകന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയിരുന്നുവെന്നും ഇതിന്റെ ഉറവിടം മനസിലാക്കുന്നതിന് സലീമിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഏറെ ദുരൂഹതകളുള്ള ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സിബിഐ അന്വാഷണം നടത്തണമെന്നുമാണ് യൂസഫ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.2008 ജൂലൈ 23 ന് രാത്രി 8.30 നാണ് ഹുസന്മൊട്ട ബസ് ഷെല്‍ട്ടറിനു സമീപം വെച്ച് സലീം കൊല്ലപ്പെട്ടത്.