തന്റെ ഏറ്റവും പ്രിയപ്പെട്ട ആരാധനാപാത്രമായ ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത മരണം വിശ്വസിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതെ യുകെ ഗായകന്‍. സാജ് സബ്രി എന്ന ഇംഗ്ലീഷ് ഗായകനാണു ബാലഭാസ്‌കറിനുള്ള ആദരവുമായി സോഷ്യല്‍ മീഡിയയിലൂടെ എത്തിയത്.
ബാലഭാസ്‌കറിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഈ ഗാനം സമര്‍പ്പിക്കുന്നു എന്ന മുഖവുരയോടെ ‘ആയിരം കണ്ണുമായ്’ എന്ന ഗാനം ആലപിക്കുകയും ചെയ്തു. ഗായകന്റെ വാക്കുകള്‍ ഇങ്ങനെ: ‘എന്റെ പേര് സാജ് സാബ്രി. യുണൈറ്റഡ് കിങ്ഡം ആണ് നാട്. ദുബായില്‍ ഒരു പരിപാടിക്ക് എത്തിയതാണ്. ഈ ഗാനം ഞാന്‍ ബാലഭാസ്‌കറിനു സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അറിയപ്പെടുന്ന വയലിനിസ്റ്റ് ആണ്. അപകടത്തില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങി.
അദ്ദേഹത്തിന്റെ മകളെയും വാഹനാപകടത്തില്‍ നഷ്ടമായി. ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിയാന്‍ കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനൊപ്പം ഒരു വേദി പങ്കിടാന്‍ എനിക്കു കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹത്തിനു വേണ്ടി ഒരു മലയാളം ഗാനം ആലപിക്കാന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു.
മലയാളം എനിക്ക് അത്ര വശമുള്ള ഭാഷയല്ല. എങ്കിലും ഞാന്‍ ശ്രമിക്കുകയാണ്. തെറ്റുകള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാവ് എന്നോടു ക്ഷമിക്കട്ടെ…!’ സാജ് സബ്രിയുടെ ആലാപനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. മികച്ച പ്രതികരണമാണു ഇംഗ്ലീഷ് ഗായകന്റെ മലയാളം ഗാനാലാപനത്തിനു ലഭിക്കുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ആരാധകരുമെല്ലാം വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.